ബംഗളൂർ: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം നേടിയ എംഎൽഎമാരോട് ബംഗളൂരിലെത്താൻ നിർദേശിച്ച് കോൺഗ്രസ് നേതൃത്വം. കെപിസിസി പ്രസിഡണ്ട് ഡി.കെ ശിവകുമാറാണ് എംഎൽഎമാർക്ക് നിർദ്ദേശം നൽകിയത്.
ഇവരെ ബംഗളൂരുവിലേക്ക് കൊണ്ടുപോകാൻ സംസ്ഥാനത്തിന്റെ വിദൂര പ്രദേശങ്ങളിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിച്ച സാഹചര്യത്തിൽ സർക്കാരുണ്ടാക്കാനുള്ള നീക്കങ്ങളാണ് കോൺഗ്രസ് ആസ്ഥാനത്ത് നടക്കുന്നത്. കർണാടകയിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചാൽ ആരാകും മുഖ്യമന്ത്രി എന്നതടക്കമുള്ള ചർച്ചകളാണ് ഇപ്പോൾ ഉയരുന്നത്.
കർണാടക കോൺഗ്രസിലെ മുതിർന്ന നേതാക്കളായ സിദ്ധരാമയ്യയുടേയും ഡികെ ശിവകുമാറിന്റേയും പേരുകൾ തന്നെയാണ് ഉയർന്നു കേൾക്കുന്നത്. കർണ്ണാടകയിലെ വളരെ ശക്തനായ കോൺഗ്രസ് നേതാവാണ് ഡികെ ശിവകുമാർ. കർണ്ണാടകയിലെ മാത്രമല്ല രാജ്യത്തെ മറ്റേത് സംസ്ഥാനത്തും പ്രശ്നം വന്നാൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് ഒപ്പം നിൽക്കുന്ന നേതാവു കൂടിയാണ് ശിവകുമാർ. അതുകൊണ്ടു തന്നെ കേന്ദ്ര നേതൃത്വത്തിനും ഡി. കെ ശിവകുമാർ അഭിമതനാണ്.
തന്റെ കഠിനാധ്വാനത്തിന്റെ കൂടി ഫലമാണ് കർണാടകയിൽ കോൺഗ്രസിന്റെ വിജയമെന്ന് ശിവകുമാറിന് ഉറച്ചവിശ്വാസമുണ്ട്. പാർട്ടിയാണ് തനിക്ക് ഒന്നാമതെന്നും മുഖ്യമന്ത്രി സ്ഥാനം പിന്നീടു മാത്രമേയുള്ളൂവെന്നുമാണ് ഡികെ പരസ്യമായി പറഞ്ഞത്. മുഖ്യമന്ത്രി വിഷയത്തിൽ പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇത് ഒരു മുഴം മുമ്പേയുള്ള ഡികെ തന്ത്രമാണെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.
തന്റെ പിതാവ് തന്നെ മുഖ്യമന്ത്രിയാകുമെന്ന വാദവുമായി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ രംഗത്തെത്തിയിട്ടുണ്ട്. 2023 ലേത് തന്റെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയാകാനുള്ള നീക്കം അവസാന നിമിഷം സിദ്ധരാമയ്യയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ഉറപ്പാണ്.
Discussion about this post