ലക്‌നൗ: തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയതിന് പിന്നാലെ വോട്ട് ചെയ്ത ജനങ്ങൾക്ക് നന്ദി പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിങ്ങളുടെ വികസനത്തിനായി എല്ലായ്‌പ്പോഴും ഈ സർക്കാർ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 17 കോർപ്പറേഷൻ മേയർ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 16 എണ്ണമാണ് ബിജെപി നേടിയെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്റെയും പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെയും ഫലമായി മേയർ തിരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം കൈവരിക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞു. ഉത്തർപ്രദേശിൽ ഇതുവരെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽവച്ച് ഏറ്റവും മികച്ച വിജയമായിരുന്നു ഇക്കുറി പാർട്ടിയ്ക്ക് ഉണ്ടായത്. വോട്ട് ചെയ്ത എല്ലാവർക്കും നന്ദി. നിങ്ങളുടെ വികസനത്തിനായി സർക്കാർ എല്ലായ്‌പ്പോഴും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ജനങ്ങൾ വച്ചിരിക്കുന്ന വിശ്വാസമാണ് തിരഞ്ഞെടുപ്പ് വിജയം. രണ്ട് എൻജിനുകളുള്ള സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. ജനങ്ങൾ ബിജെപിയിൽ തൃപ്തരമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
അയോദ്ധ്യ, ഝാൻസി മുൻസിപ്പൽ കോർപ്പറേഷനുകൾ ഉൾപ്പെടെയാണ് ബിജെപി സ്വന്തമാക്കിയത്. ഒരു സീറ്റിൽ ബിഎസ്പിയ്ക്ക് ആയിരുന്നു വിജയം. നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ഈ സീറ്റ് ബിജെപിയ്ക്ക് നഷ്ടമായത്.
Discussion about this post