ബംഗലൂരു: കർണാടകയിൽ വിജയിച്ച് അധികാരം ഉറപ്പിച്ച കോൺഗ്രസിനെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികളാണ്. പ്രകടന പത്രികയിൽ ഉയർത്തിക്കാട്ടി വിവാദമായ ബജ്‌റംഗ്ദൾ നിരോധനം കോൺഗ്രസ് എങ്ങനെ നടപ്പാക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നോക്കുന്നത്. ഇതിനൊപ്പം മഅദനിയുടെ കേരള യാത്ര വരെയുളള കാര്യങ്ങൾ കോൺഗ്രസിന് തലവേദനയാകുമെന്ന കാര്യത്തിൽ സംശയമില്ല.
കോൺഗ്രസിന്റെ പ്രകടന പത്രികയിലാണ് ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചത്. ബിജെപി സർക്കാർ രാജ്യവ്യാപകമായി നിരോധിച്ച പോപ്പുലർ ഫ്രണ്ടുമായി ബജ്‌റംഗ്ദളിനെ കൂട്ടിയിണക്കിയായിരുന്നു നിരോധന പ്രഖ്യാപനം കോൺഗ്രസ് നടത്തിയത്. പിന്നാലെ കർണാടകയിലും ഡൽഹിയിലുമുൾപ്പെടെ ബജ്‌റംഗ്ദൾ പ്രവർത്തകർ കോൺഗ്രസിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കർണാടകയിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം രാഷ്്ട്രീയ ചർച്ചകൾക്കും തിരി കൊളുത്തി.
ഹനുമാൻ ഭക്തരെ ജയിലിൽ അടയ്ക്കാനാണ് കോൺഗ്രസിന്റെ നീക്കമെന്ന് ആയിരുന്നു മോദിയുടെ പരാമർശം. ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹവും കോൺഗ്രസിന്റെ ഈ പ്രഖ്യാപനത്തോട് ശക്തമായി വിയോജിച്ചിരുന്നു. തുടർന്ന് ഹിന്ദു വിഭാഗങ്ങളെ അനുനയിപ്പിക്കാൻ സിദ്ധരാമയ്യയും ഡികെ ശിവകുമാറും ക്ഷേത്ര സന്ദർശനം നടത്തുന്ന നിലയിലേക്ക് പോലും കാര്യങ്ങൾ എത്തി.
ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ നടന്ന സ്ഥലമാണ് കർണാടക. സ്‌കൂളുകളിൽ മതവസ്ത്രങ്ങൾ വിലക്കിയ കർണാടക സർക്കാർ ഉത്തരവ് ബിജെപിക്കെതിരായ ആയുധമാക്കി മുസ്ലീം വിഭാഗം മാറ്റിയിരുന്നു. ഇക്കാര്യങ്ങൾ മുതലെടുത്ത് വർഗീയ വോട്ടുകൾ ഏകീകരിക്കാനാണ് കോൺഗ്രസ് ബജ്‌റംഗ് ദളിന്റെ നിരോധന പ്രഖ്യാപനം മുന്നോട്ടുവെച്ചത്. പക്ഷെ ബജ്‌റംഗ്ദളിനെ നിരോധിച്ചാൽ കർണാടകയിലുടനീളം കോൺഗ്രസ് വലിയ പ്രതിരോധത്തിലാകുമെന്ന കാര്യത്തിൽ തർക്കമില്ല. സംഭവം രാഷ്ട്രീയ വിവാദമായതോടെ കോൺഗ്രസിനുളളിൽ തന്നെ ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നതയുമുണ്ട്
മഅദനിയുടെ കേരളത്തിലേക്കുളള വരവാണ് മറ്റൊരു കാര്യം. സുപ്രീംകോടതി ജാമ്യവ്യവസ്ഥകളിൽ ഇളവ് അനുവദിച്ചെങ്കിലും കർണാടക പോലീസിന്റെ സുരക്ഷയിൽ കേരളത്തിലേക്ക് പോകാനായിരുന്നു നിർദ്ദേശിച്ചത്. 20 പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിക്കണമെന്നും അതിന്റെ ചിലവ് സർക്കാരിന് വഹിക്കാനാകില്ലെന്നും ബസവരാജ് ബൊമ്മെ സർക്കാർ വ്യക്തമാക്കിയിരുന്നു.
പോലീസുകാരുടെ താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾക്കുളള പണം മുൻകൂറായി നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയ മഅദനി ഇത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും അതുകൊണ്ട് കേരളത്തിലേക്ക് പോകുന്നില്ലെന്നും അറിയിച്ചിരുന്നു. പക്ഷെ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ ഇനി ഇക്കാര്യത്തിൽ നിലപാടുകൾ മാറും. മഅദനിയുടെ യാത്ര കേരളത്തിലെ കോൺഗ്രസിനും തലവേദനയാകുമെന്ന കാര്യം ഉറപ്പാണ്.
Discussion about this post