അവസാന ഹോം ഗെയിമിനു ശേഷം എം എസ് ധോണിയും സംഘവും ചെപ്പോക്കിലെ ഗ്രൗണ്ടിൽ ലാപ് ഓഫ് ഓണർ നടത്തുകയും ആരാധകർക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഐപിഎല്ലിലെ തന്റെ ഭാവിയെ കുറിച്ചുള്ള സുപ്രധാനമായ ഒരു സൂചനയായിരിക്കാം ധോണി ലാപ് ഓഫ് ഓണർ വഴി പ്രകടിപ്പിച്ചത്. ധോണിയുടെ ഐപിഎല്ലിലെ അവസാന സീസണായിരിക്കാം ഇത്. അതിനാലായിരിക്കാം കൊൽക്കത്തയുമായുള്ള ഇന്നലത്തെ മത്സരത്തിൽ പരാജയപ്പെട്ടിട്ടും മുഖത്ത് ഒരു പുഞ്ചിരിയോടെ തന്നെ അദ്ദേഹം ആരാധകർക്ക് നന്ദി അറിയിച്ചതും സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഹസ്തദാനം നടത്തിയതും.
ടീമിനെ നയിച്ചുകൊണ്ട് ക്യാപ്റ്റൻ കൂൾ പുറത്തേക്ക് പോകുന്ന സമയം, ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ ഓടി വരികയും ധോണിയുടെ ഓട്ടോഗ്രാഫ് വാങ്ങുകയും ചെയ്തിരുന്നു. ഇന്നലെ കൊൽക്കത്തയുമായുള്ള മത്സരത്തിൽ ചെന്നൈ ആറു വിക്കറ്റിനാണ് പരാജയപ്പെട്ടത്. മഞ്ഞുൾപ്പെടെയുള്ള ഘടകങ്ങൾ മത്സരത്തെ സ്വാധീനിച്ചതായി ധോണി മത്സരശേഷം വ്യക്തമാക്കി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് 144 റൺസെടുക്കാനെ സാധിച്ചുള്ളു. എന്നാൽ കൊൽക്കത്ത റിങ്കു സിംഗിന്റേയും നിതീഷ് റാണയുടേയും സഹായത്തോടെ 18.3 ഓവറിൽ തന്നെ 145 റൺസ് നേടി മത്സരത്തിൽ വിജയിക്കുകയായിരുന്നു.
2014ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ധോണി വിരമിക്കൽ പ്രഖ്യാപിച്ചു. 2017ൽ ടി20, ഏകദിന ക്യാപ്റ്റൻ സ്ഥാനമൊഴിയുകയും ചെയ്തു. 2020ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത് ആരാധകർക്ക് വലിയ രീതിയിലുള്ള ഞെട്ടലാണ് സമ്മാനിച്ചത്. മുമ്പ് വിരമിക്കുന്നതിന്റെ യാതൊരുവിധ സൂചനകളും നൽകാതിരുന്നില്ല. 2019ലെ ലോകകപ്പിൽ സെമി ഫൈനലിൽ പരാജയപ്പെട്ട ശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ മത്സരത്തിനിറങ്ങിയിട്ടില്ല. 2015ലെ ലോകകപ്പിൽ, ഇത്തരത്തിലുള്ള ടൂർണമെന്റുകളിൽ എല്ലാ ഗ്രൂപ്പ് ഘട്ട മത്സരങ്ങലും വിജയിക്കുന്ന ക്യാപ്റ്റനായി ധോണി മാറി. 2007ലേയും 2011ലേയും ലോകകപ്പ് നേടിയ ക്യാപ്റ്റനായ ധോണി ഐപിഎല്ലിൽ നിന്നും വിരമിച്ചാൽ അത് ഒരു നഷ്ടമായി തന്നെ കണക്കാക്കാം.
Discussion about this post