ചെന്നൈ : തമിഴ്‌നാട്ടിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. വില്ലുപുരം ജില്ലയിലെ മരക്കാനത്ത് ഒമ്പത് പേരും ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തകത്ത് നാല് പേരുമാണ് വിഷമദ്യം കുടിച്ച് മരിച്ചത്. അനധികൃത മദ്യം കഴിച്ച് മരിച്ചു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. വ്യാജമദ്യവും ഗുട്കയും ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തതിന് 57 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ രണ്ട് സംഭവങ്ങളും തമ്മിലുളള ബന്ധം കണ്ടെത്താനാകാതെ പോലീസ് വലയുകയാണ്.
നിലവിൽ, മുപ്പതോളം പേർ ചികിത്സയിലാണ്. എഥനോൾ-മെഥനോൾ എന്നീ പദാർത്ഥം കലർന്ന വ്യാജ മദ്യം കഴിച്ചതായിരിക്കാം മരണകാരണമെന്ന് പോലീസ് ഇൻസ്‌പെക്ടർ ജനറൽ (നോർത്ത്) എൻ കണ്ണൻ പറഞ്ഞു.
നേരത്തെ, ചെങ്കൽപട്ട് ജില്ലയിൽ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവരിൽ നാല് പേർ ചികിത്സയ്ക്കിടെ മരിച്ചു. ഇവരുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി. ചെങ്കൽപ്പാട്ട് സംഭവവുമായി ബന്ധപ്പെട്ട് പ്രതി അമ്മാവസായിയെ അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ രണ്ട് ജില്ലകളിൽ നിന്നും നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് കണ്ണൻ പറഞ്ഞു.
മരക്കനം ഇൻസ്‌പെക്ടർ അരുൾ വടിവഴകൻ, സബ് ഇൻസ്‌പെക്ടർ ദീബൻ, കോട്ടക്കുപ്പം പ്രൊഹിബിഷൻ എൻഫോഴ്‌സ്‌മെന്റ് വിങ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മരിയ സോഫി മഞ്ജുള, സബ് ഇൻസ്‌പെക്ടർ ശിവഗുരുനാഥൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
Discussion about this post