ചെന്നൈ : തമിഴ്‌നാട്ടിൽ വിവാഹ തട്ടിപ്പുകാരിയായ യുവതി പിടിയിൽ. മേട്ടുപ്പാളയം സ്വദേശി മഹാലക്ഷ്മിയാണ് പിടിയിലായത്. അഞ്ച് തവണ വിവാഹം കഴിച്ച് സ്വർണവും പണവുമായി മുങ്ങിയ ഇവരെ ആറാമത്തെ ഭർത്താവിന്റെ വീട്ടിൽ നിന്നാണ് പിടികൂടിയത്.
യുവതിയുടെ അഞ്ചാമത്തെ ഭർത്താവ് മണികണ്ഠന്റെ പരാതിയിലാണ് നടപടി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവർ 2022 നവംബർ 18നാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം യുവതി ആഭരണങ്ങളും പണവുമായി മുങ്ങിയെന്നാണ് മണികണ്ഠൻറെ പരാതി. ഇവരുടെ വിവാഹ സമയത്ത് യുവതിയുടെ കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.
കല്യാണം കഴിഞ്ഞ് മൂന്ന് ആഴ്ച കഴിഞ്ഞപ്പോൾ വീട്ടിലേക്ക് എന്ന് പറഞ്ഞുപോയ യുവതി തിരിച്ച് വന്നില്ല. ഫോൺ വിളിച്ചിട്ടും എടുത്തില്ലെന്ന് പരാതിയിൽ പറയുന്നു. വിവാഹ സമയത്ത് മഹാലക്ഷ്മിക്ക് മണികണ്ഠൻ നൽകിയ എട്ടു പവൻ സ്വർണ ആഭരണങ്ങളും ഒരു ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായതോടെയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ യുവതി ഭീഷണിപ്പെടുത്തി.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ സേലത്തുണ്ടെന്ന് കണ്ടെത്തി. തുടർന്നാണ് ഇവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ അപ്പോഴേക്കും യുവതി മറ്റൊരു വിവാഹം കഴിച്ചിരുന്നു. മണികണ്ഠൻറെ വീട്ടിൽ നിന്ന് പണവുമായി മുങ്ങിയ മഹാലക്ഷ്മി സിങ്കരാജ് എന്നൊരാളെ പരിചയപ്പെട്ടു. തുടർന്ന് ഇയാളെ വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു.
പുരുഷന്മാരെ പരിചയപ്പെട്ട് അവരുമായി അടുപ്പത്തിലായി അവരെ വിവാഹം കഴിച്ച് പണവും ആഭരണങ്ങളുമായി മുങ്ങുകയാണ് ഇവരുടെ പതിവ്. പണം തീരുന്നത് വരെ ആഡംബര ജീവിതം നയിക്കും. പണം തീർന്നാൽ അടുത്തയാളെ വലയിട്ട് പിടിക്കും. 32 കാരിയായ ഇവർ 17, 15, 14 വയസ് പ്രായമുള്ള കുട്ടികളുടെ അമ്മയാണ്.
Discussion about this post