ഐസ്വാൾ: മോഖ ചുഴലിക്കാറ്റിന്റെ ഫലമായി മിസോറമിൽ വീശിയ കനത്ത കാറ്റിൽ തകർന്നത് 236 വീടുകൾ. അൻപതോളം വില്ലേജുകളിലാണ് നാശനഷ്ടം ഉണ്ടായതെന്ന് അധികൃതർ തിങ്കളാഴ്ച അറിയിച്ചു. 5749 ജനങ്ങളെ കാറ്റ് ബാധിച്ചു. ഞായറാഴ്ചയാണ് കാറ്റ് മിസോറമിൽ നാശം വിതച്ചത്. മിസോറമിൽ മ്യാൻമറിന്റെ അതിർത്തി പ്രദേശത്തും ബംഗാളിൽ ബംഗ്ലാദേശിന്റെ അതിർത്തി മേഖലകളിലുമായിരുന്നു മോഖ നാശം വിതച്ചത്.
എട്ട് അഭയാർത്ഥി ക്യാമ്പുകൾക്കും കാറ്റിൽ നാശനഷ്ടം നേരിട്ടതായി അധികൃതർ അറിയിച്ചു. കൊൽക്കത്തയിലടക്കം കനത്ത മഴയും അനുഭവപ്പെട്ടു. മിസോറമിൽ 27 വീടുകൾ പൂർണമായി തകർന്ന നിലയിലാണ്. 127 വീടുകൾക്ക് ഭാഗീക നാശമാണുണ്ടായതെന്നും അധികൃതർ അറിയിച്ചു. മിസോറമിന്റെ തെക്കൻ മേഖലയിൽ മ്യാൻമർ അതിർത്തിയോട് ചേർന്ന സിയാഹ ജില്ലയിലാണ് കാറ്റ് വലിയ നാശം വിതച്ചത്.
ബംഗ്ലാദേശിന്റെയും മ്യാൻമറിന്റെയും തീരപ്രദേശങ്ങളിലാണ് മോഖ കര തൊട്ടത്. മണിക്കൂറിൽ 195 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ 209 കിലോമീറ്റർ വേഗമായിരുന്നു കാറ്റിന്റെ ശക്തിയെന്ന് മ്യാൻമറിലെ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മ്യാൻമറിലെ പല മേഖലകളിലും ഞായറാഴ്ച ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ബംഗാളിൽ ഉൾപ്പെടെ കരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. മ്യാൻമറിലും ബംഗ്ലാദേശിലുമായി അഞ്ച് ലക്ഷത്തോളം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വന്നത്.
Discussion about this post