ചണ്ഡീഗഡ് : അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മുൻ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. ഫാരിദ്‌കോട്ട് എംഎൽഎ ആയിരുന്ന കുശാൽദീപ് സിംഗ് ധില്ലനാണ് പഞ്ചാബ് വിജിലൻസ് ബ്യൂറോയുടെ പിടിയിലായത്. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ അടുത്തയാൾ കൂടിയായിരുന്നു ധില്ലൻ. കോൺഗ്രസ് ഭരണകാലത്ത് അദ്ദേഹത്തെ കാബിനറ്റ് അംഗമായി നിയമിച്ചിരുന്നു.
ഫരീദ്കോട്ട് ജില്ലയിലെ നാനാക്സർ ഗ്രാമവാസിയായ ഗുർസേവക് സിംഗ്, ഫിറോസ്പൂർ ജില്ലയിലെ ധന്ന ഷഹീദ് ഗ്രാമവാസിയായ രാജ്വീന്ദർ സിംഗ് എന്നിവർക്കെതിരെയും വിജിലൻസ് അഴിമതി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അഞ്ച് വർഷത്തോളമായി വിജിലൻസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. അന്വേഷണത്തിൽ വരുമാനത്തേക്കാളും കൂടുതൽ സ്വത്ത് സമ്പാദിച്ച് അത് ബിനാമികളുടെ പേരിൽ രജിസ്റ്റർ ചെയ്തതായി വിജിലൻസ് ബ്യൂറോ കണ്ടെത്തി. ഫരീദ്കോട്ട് ജില്ലയിലെ സാദി തഹ്സിലിലെ മുമാര ഗ്രാമത്തിലെ ആളുകളുടെ പേരിലാണ് സ്വത്തുവകകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഇയാളെ വിജിലൻസ് മൂന്ന് തവണ ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. എന്നാൽ കോൺഗ്രസ് നേതാവ് നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലാത്തതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.









