ബംഗലൂരു: ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ കർണാടകയിൽ മുഖ്യമന്ത്രിപദം ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജി പരമേശ്വര. മുഖ്യമന്ത്രി തർക്കം പരിഹരിക്കപ്പെടാതെ തുടരുമ്പോഴാണ് ജി പരമേശ്വരയുടെ പ്രതികരണം. കർണാടകയിൽ ദളിത് മുഖ്യമന്ത്രി വേണമെന്നും മുൻ ഉപമുഖ്യമന്ത്രി കൂടിയായ പരമേശ്വര അഭിപ്രായപ്പെട്ടു.
ഹൈക്കമാൻഡിന് പാർട്ടിക്ക് ഞാൻ നൽകിയ സംഭാവനകളെക്കുറിച്ച് അറിയാം. വേണമെങ്കിൽ എനിക്ക് അൻപത് എംഎൽഎമാരുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കാം. പക്ഷെ അത് ചെയ്യുന്നില്ല, കാരണം എനിക്ക് ചില തത്വങ്ങളുണ്ട്. അച്ചടക്കമാണ് എനിക്ക് ഏറ്റവും പ്രധാനം.
ഹൈക്കമാൻഡിന് തന്നെക്കുറിച്ചും തന്റെ പ്രവർത്തനങ്ങളെക്കുറിച്ചും എല്ലാം അറിയാം. മുഖ്യമന്ത്രി പദത്തിനായി ആരുമായും ലോബി ചേരാനില്ല. അതിനർത്ഥം തനിക്ക് കഴിവില്ലെന്ന് അല്ലെന്നും പരമേശ്വര പറഞ്ഞു. ഹൈക്കമാൻഡ് ആ ഉത്തരവാദിത്വം ഏൽപിക്കുകയാണെങ്കിൽ ഞാൻ തീർച്ചയായും ഏറ്റെടുക്കും. അവസരം നൽകിയാൽ താൻ ആ ചുമതല നിർവ്വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പരമേശ്വരയുടെ അനുയായികൾ ബംഗലൂരുവിൽ പ്രതിഷേധം നടത്തിയിരുന്നു. ദളിത് വിഭാഗത്തിൽപെട്ടയാളെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജെഡിഎസ് സഖ്യസർക്കാർ രൂപീകരിച്ച സമയത്താണ് പരമേശ്വര ഉപമുഖ്യമന്ത്രിയായിരുന്നത്.
രാവിലെ ജഗദീഷ് ഷെട്ടാറിന്റെ വീട്ടിലെത്തി അദ്ദേഹവുമായി പരമേശ്വര ചർച്ചകൾ നടത്തിയിരുന്നു. എംഎൽഎ ദിനേശ് ഗുണ്ടറാവുവും ഒപ്പമുണ്ടായിരുന്നു.
Discussion about this post