ന്യൂഡൽഹി: ദ് കേരള സ്‌റ്റോറി സിനിമ വിലക്കിയതിനെ ന്യായീകരിച്ച് ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ. സിനിമയിൽ മതവികാരം വ്രണപ്പെടുത്തുന്നതും സമുദായ സൗഹാർദ്ദം തകർക്കുന്നതുമായ നിരവധി സീനുകൾ ഉണ്ടെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. വസ്തുതകളെ വളച്ചൊടിച്ചുവെന്നും വിദ്വേഷപരാമർശങ്ങൾ ഉണ്ടെന്നും അതിനാലാണ് സിനിമയെ വിലക്കാൻ തീരുമാനിച്ചതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ സിനിമ പ്രദർശിപ്പിക്കാമെങ്കിൽ ബംഗാളിൽ എന്തുകൊണ്ടാണ് വിലക്കുന്നതെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ബംഗാളിന് മാത്രമായി ഒരു ഒഴിവും അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ബംഗാൾ സർക്കാരിന് ഇത് വലിയ തിരിച്ചടിയാണ് നൽകിയത്. ഹർജിക്കാർ ബംഗാൾ ഹൈക്കോടതിയെ ആണ് സമീപിക്കേണ്ടതെന്നും അവിടെ വിലക്കുമായി ബന്ധപ്പെട്ട നാല് ഹർജികൾ വാദം കേൾക്കുന്നുണ്ടെന്നും സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു.
അഭിഭാഷകയായ അഷ്താ ശർമ്മയാണ് ബംഗാൾ സർക്കാരിന് വേണ്ടി സത്യവാങ്മൂലം നൽകിയത്. ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സിനിമ വിലക്കിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ബംഗാൾ സർക്കാരിന്റെ വിലക്കിനെതിരെ സിനിമയുടെ നിർമാതാക്കളായ സൺഷൈൻ പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും വിപുൽ അമൃത്‌ലാൽ ഷായുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്നും സിനിമ പ്രദർശിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ നയപരമായ കാര്യമാണെന്നും അതിൽ കോടതിക്ക് ഇടപെടാനാകില്ലെന്നുമാണ് ബംഗാൾ സർക്കാരിന്റെ നിലപാട്. പ്രണയം നടിച്ച് പെൺകുട്ടികളെ വശീകരിക്കുന്നതും ഇവരെ ഐഎസ് പോലുളള തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതുമാണ് സിനിമയുടെ പ്രമേയം.
Discussion about this post