തൃശൂർ: തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിൽ മാസം വിളമ്പിയെന്ന ഗുരുതര ആരോപണവുമായി ഭക്തൻ രംഗത്ത്. തൃശൂർ സ്വദേശി കെ നാരായണൻകുട്ടി ചിത്രങ്ങൾ സഹിതം കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറിക്കും ഓംബുഡ്സ്മാനും പരാതി നൽകിയിട്ടുണ്ട്.
ഭക്ഷണാവശിഷ്ടങ്ങളുംഡിസ്പോസിബിൾ പാത്രങ്ങളും തെക്കേഗോപുരത്തിൽ ഉപേക്ഷിച്ച് നിലയിൽ കണ്ടെത്തിയതായി പറയുന്നു. ഹോട്ടലുകളിൽ ഭക്ഷണം വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന കണ്ടെയ്‌നറുകളും ഒഴിഞ്ഞ വെള്ളക്കുപ്പികളും ക്ഷേത്രഗോപുരത്തിന് സമീപത്ത് നിന്നും കണ്ടെത്തിയെന്ന് പരാതിക്കാർ കുറ്റപ്പെടുത്തുന്നു.
ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ ക്ഷേത്രത്തിനകത്ത് പാദരക്ഷ ഉപയോഗിച്ചതുൾപ്പെടെ പൂരദിവസം നിരവധി ആചാര ലംഘനങ്ങൾ നടന്നതായാണ് വിശ്വാസികൾ ആരോപിക്കുന്നത്. തെളിവായി ഇതിൻറെ ചിത്രങ്ങൾ ഉണ്ടെന്ന് പരാതിക്കാർ പറയുന്നു.
വടക്കുംനാഥ ക്ഷേത്രത്തിലെ നാല് ഗോപുരങ്ങൾ ജീർണ്ണാവസ്ഥയിലായതിനാൽ അവിടേക്ക് കയറുന്നതിന് നിലവിൽ വിലക്കുണ്ട്. എന്നാൽ വിലക്കുകൾ ലംഘിച്ച് 50 ലധികം പേരാണ് ഗോപുരത്തിൽ കയറിയിരുന്നത്. ദേവസ്വം തൃശൂർ അസി. കമ്മീഷണർ, ലോ കമ്മീഷണർ തുടങ്ങിയവർ വിലക്കിയിട്ടും ഒരു കൂട്ടം കയറുകയായിരുന്നു. ഒടുവിൽ കലക്ടറുടെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ സേന ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ താഴേക്ക് ഇറക്കിയത്.












