ബംഗളൂരു: വിമാനത്തിനുള്ളിൽ ബീഡി വലിച്ച 56 കാരൻ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ പ്രവീൺ കുമാർ ആണ് അറസ്റ്റിലായത്. ഇയാളെ ബംഗളൂരു സെൻട്രൽ ജയിലിലേക്ക് മാറ്റി.
അഹമ്മദാബാദിൽ നിന്നും ബംഗളൂരുവിലെ കമ്പഗൗഡ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ആകാശ എയർ വിമാനത്തിലായിരുന്നു സംഭവം. വിമാനം പറന്ന് ഉയർന്നതിന് പിന്നാലെ ശുചി മുറിയിൽ കയറി പ്രവീൺ ബീഡി വലിക്കുകയായിരുന്നു. ഇത് ക്യാബിൻ ക്രൂ അംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ വിവരം ഡ്യൂട്ടി മാനേജരെ അറിയിക്കുകയായിരുന്നു. അദ്ദേഹം വിമാനക്കമ്പനി അധികൃതരെ വിവരം അറിയിച്ചു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രവീണിനെ അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിൽ പോലീസുകാർ ഉണ്ടായിരുന്നു. വിമാനം ഇറങ്ങിയതും ഇവർ പ്രവീണിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
വിമാനത്തിൽ ബീഡി വലിക്കാൻ കഴിയില്ല എന്നുള്ള കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നാണ് സംഭവത്തിൽ പ്രവീൺ പറയുന്നത്. ആദ്യമായാണ് താൻ വിമാനത്തിൽ കയറുന്നത്. അബദ്ധം പറ്റിയതാണ്. എല്ലായ്‌പ്പോഴും തീവണ്ടിയിലാണ് താൻ യാത്ര ചെയ്യാറ്. അപ്പോൾ ശുചിമുറിയിൽ കയറി പുക വലിക്കും. വിമാനത്തിലും അതിന് അനുവാദമുണ്ടെന്നാണ് താൻ ധരിച്ചിരുന്നത്. അതുകൊണ്ടാണ് താൻ ബീഡി വലിച്ചതെന്നും പ്രവീൺ വിശദീകരിച്ചു.
അതേസമയം പ്രവീണിന്റെ കാര്യത്തിൽ വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത് എന്നാണ് അധികൃതർ വിലയിരുത്തുന്നത്. പരിശോധനയ്ക്കിടെ ബീഡി കണ്ടെത്തേണ്ടത് ആയിരുന്നു. എന്നാൽ ഇതിന് കഴിഞ്ഞില്ല. പ്രവീണിനെ പരിശോധിച്ചതിൽ പിഴവ് ഉണ്ടായി എന്നും അധികൃതർ വ്യക്തമാക്കി. ഈ വർഷം ജനുവരിയിൽ വിമാനത്തിനുള്ളിൽ സിഗരറ്റ് വലിക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post