ന്യൂഡൽഹി : ഐടി ഹാർഡ് വെയറിനായുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം 2.0 ന് 17,000 കോടി രൂപ ബജറ്റിൽ വകയിരുത്തുന്നതിന് അനുമതി നൽകി കേന്ദ്രമന്ത്രിസഭ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. കഴിഞ്ഞ 8 വർഷത്തിനിടയിൽ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ഉത്പാദനം 17% വാർഷിക വളർച്ചാനിരക്ക് (സിഎജിഎആർ) കൈവരിച്ചു. ഈ വർഷം ഉത്പാദനത്തിൽ 105 ബില്യൺ യുഎസ് ഡോളർ (ഏകദേശം 9 ലക്ഷം കോടി രൂപ) എന്ന നാഴികക്കല്ലാണ് മറികടന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ നിർമിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. മൊബൈൽ ഫോണുകളുടെ കയറ്റുമതി ഈ വർഷം 11 ബില്യൺ യുഎസ് ഡോളർ (ഏകദേശം 90,000 കോടി രൂപ) എന്ന പ്രധാന നാഴികക്കല്ലാണ് പിന്നിട്ടത്.
ആഗോള ഇലക്ട്രോണിക്‌സ് നിർമാണ മേഖല ഇന്ത്യയിലേക്കെത്തുകയാണ്. പ്രധാന ഇലക്ട്രോണിക്‌സ് നിർമാണ രാജ്യങ്ങളിലൊന്നായി ഇന്ത്യ ഉയർന്നുവരുന്നു. മൊബൈൽ ഫോണുകൾളുടെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം (പിഎൽഐ) വിജയിച്ച സാഹചര്യത്തിലാണ്, ഐടി ഹാർഡ്വെയറിനായുള്ള പിഎൽഐ സികീം 2.0 യ്ക്ക് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നൽകിയത്.
ഐടി ഹാർഡ്വെയറിനായുള്ള പിഎൽഐ പദ്ധതിയിൽ 2.0 ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഓൾ-ഇൻ-വൺ പിസികൾ, സെർവറുകൾ, അൾട്രാ സ്‌മോൾ ഫോം ഫാക്ടർ ഉപകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. 17,000 കോടി രൂപയാണ് പദ്ധതിയുടെ ബജറ്റ് വിഹിതം. ആറ് വർഷമാണ് കാലാവധി. 3.35 ലക്ഷം കോടി രൂപയുടെ അധിക ഉത്പാദനം ഇതിൽ നിന്ന് പ്രതീക്ഷിക്കുന്നു. പ്രതീക്ഷിക്കുന്ന അധിക നിക്ഷേപം 2430 കോടി രൂപയാണ്. അതോടൊപ്പം യുവാക്കൾക്ക് 75,000 തൊഴിലവസരങ്ങളും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
ആഗോള ഭീമന്മാരുടെ വിശ്വസനീയമായ വിതരണശൃംഖലാ പങ്കാളിയായി ഇന്ത്യ വളരുകയാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. വൻകിട ഐടി ഹാർഡ്വെയർ കമ്പനികൾ ഇന്ത്യയിൽ ഉത്പാദനം ആരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പല പ്രമുഖ കമ്പനികളും ഇന്ത്യയെ കയറ്റുമതിയുടെ കേന്ദ്രമാക്കി മാറ്റാനും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post