ന്യൂഡൽഹി: ജല്ലിക്കെട്ടിന് അനുമതി നൽകി സുപ്രീംകോടതി. ജല്ലിക്കെട്ട് നിയമം ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. തമിഴ്‌നാട് സർക്കാരിന്റെ നിയമത്തിൽ ഇടപെടാനില്ലെന്നും, ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസ് കെ.എം. ജോസഫ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജല്ലിക്കെട്ട് സംരക്ഷിക്കുന്ന തമിഴ് നാട്, മഹാരാഷ്ട്ര സർക്കാരുകളുടെ നിയമത്തെ ചോദ്യം ചെയ്ത് പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് (പെറ്റ) ഉൾപ്പെടെയുള്ള സംഘടനകൾ സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.
ജല്ലിക്കട്ട് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും ഇതിനെ മറിക്കടക്കാൻ നിയമം കൊണ്ടുവന്നിരുന്നു അനുഛേദം 29 (1) ഉൾപ്പെടുത്തി സംരക്ഷണം നൽകിയത് ഭരണഘടന വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.സംഘടനകളുടെയും തമിഴ്‌നാട് സർക്കാരിന്റെയും വാദം കേട്ട ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ഡിസംബറിൽ കേസ് വിധി പറയാൻ മാറ്റുകയായിരുന്നു.
2006 മാർച്ച് രണ്ടിനാണ് മദ്രാസ് ഹൈക്കോടതി ജല്ലിക്കെട്ട് നിരോധിച്ചത്. പിന്നാലെ 2007 ജനുവരി 10 ന് ജല്ലിക്കട്ട് നടത്തിപ്പുകാർ കൊടുത്ത അപ്പീലിന്മേൽ സിംഗിൾ ബെഞ്ച് ഉത്തരവ്, ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്യുന്നു. തുടർന്ന് 2007 മാർച്ച് 9 ന് ജല്ലിക്കെട്ടിനു മാനദണ്ഡങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകി. 2007 ജൂലൈ 27 ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് AWB സുപ്രീം കോടതിയിൽ, വിധി സ്റ്റേ ചെയ്യപ്പെടുന്നു. 2009 ജൂലൈ 21 ന് ഡിഎംകെ സർക്കാർ തമിഴ്‌നാട് ജല്ലിക്കട്ട് നിയന്ത്രണ നിയമം കൊണ്ടുവരുന്നു. ജെല്ലിക്കെട്ടിന് വീണ്ടും സാഹചര്യം. 2011 ഏപ്രിൽ 8 : ഈ നിയമത്തെ PETA സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുന്നു. 2011 ജൂലൈ 11 ന് കാളകളെ പ്രകടനങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിക്കുന്നു. 2014 മെയ് 7 ന് AWBI , PETA എന്നീ സംഘടനകൾ നൽകിയ ഹർജിയിന്മേൽ വാദം കേൾക്കുന്ന സുപ്രീം കോടതി, ജല്ലിക്കട്ട് വീണ്ടും നിരോധിക്കുന്നു. 2017 ജനുവരി 23 ന് തമിഴ്‌നാട് സർക്കാർ ജല്ലിക്കട്ട് ബിൽ കൊണ്ടുവരുന്നു. അതോടെ PCA നിയമ ഭേദഗതി നടപ്പിൽ വരുന്നു, ജല്ലിക്കട്ട് നടത്താനുള്ള തടസ്സങ്ങൾ നീങ്ങുന്നു. 2017 ജനുവരി 24 ന് ഈ ഭേദഗതിയെ AWBI , PETA എന്നീ സംഘടനകൾ സുപ്രീം കോടതിയിൽ വീണ്ടും ചോദ്യം ചെയ്യുന്നു. 2018ഫെബ്രുവരി 2 ന് സുപ്രീം കോടതി ജല്ലിക്കട്ട് സംബന്ധിച്ച എല്ലാ കേസുകളും ഭരണഘടനാ ബെഞ്ചിന് വിടുന്നു.
Discussion about this post