കൊച്ചി: “ഇനി അവൻ ആ സിബ്ബ് തുറക്കുമ്പോ എന്റെ മുഖം ഓർക്കണം”. കെഎസ്ആർടിസി ബസിൽ ഒപ്പം യാത്ര ചെയ്ത യുവാവിൽ നിന്നുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് മോഡൽ കൂടിയായ യുവതിയുടെ വാക്കുകളാണിത്. സംഭവം വിശദീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് യുവതി ഇക്കാര്യം പറയുന്നത്. സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യാൻ കാട്ടിയ ധൈര്യത്തിന് ഒട്ടേറെ പേർ യുവതിയെ അഭിനന്ദിച്ചു.
കോഴിക്കോട് സ്വദേശി സവാദാണ് സംഭവത്തിൽ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയാണ് യുവതി തൃശൂരിൽ നിന്ന് കൊച്ചിക്ക് ബസ് കയറിയത്. തലേന്ന് രാത്രി ശരിക്ക് ഉറങ്ങാതിരുന്നതിനാൽ ക്ഷീണം കാരണം ഉറങ്ങി. അങ്കമാലിയിൽ എത്തിയപ്പോൾ താൻ ഉണർന്നു. അപ്പോഴാണ് പ്രശ്നമുണ്ടാക്കിയ യുവാവ് തന്റെ അടുത്തായി വന്നിരുന്നത്. സ്ത്രീകളുടെ സീറ്റ് ആയിട്ടും ഇയാൾ രണ്ട് സ്ത്രീകളുടെ നടുക്ക് ഇരിക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി.
താൻ കളമശേരിക്ക് പോകുകയാണെന്നും എവിടേക്കാണെന്നും റോഡിൽ ബ്ലോക്ക് ഉണ്ടാകുമോയെന്നുമൊക്കെ ഇയാൾ ചോദിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ തന്റെ വയറിന്റെ ഭാഗത്ത് കൈമുട്ടുകൊണ്ട് ഉരസി ഇയാൾ സ്വയംഭോഗം ചെയ്യാൻ ആരംഭിച്ചു. കൈയ്യിലിരുന്ന ബാഗ് കൊണ്ട് സിബ്ബിന് മുകളിൽ വെച്ച് മറച്ചായിരുന്നു പരിപാടിയെന്ന് യുവതി പറഞ്ഞു. ആദ്യം പാന്റ്സിന് പുറത്തുകൂടിയായിരുന്നു. പിന്നീട് ഇയാൾ സിബ്ബ് തുറന്നതോടെ യുവതി ബഹളം വെക്കുകയായിരുന്നു.
എന്നാൽ അപ്പോഴും ഒന്നും സംഭവിക്കാത്തത് പോലെ ആയിരുന്നു ഇയാളുടെ പെരുമാറ്റം. ധൃതിയിൽ സീറ്റിൽ നിന്ന് എഴുന്നേറ്റപ്പോൾ സിബ്ബ് പഴയപടി ഇടാൻ മറന്നു. അതാണ് യുവതിയുടെ വാദത്തിന് വലിയ തെളിവായത്. ബസ് അടുത്ത സ്ഥലത്ത് നിർത്തുമ്പോൾ ഇറങ്ങി രക്ഷപെടുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഇയാൾ ഡോറിന് സമീപത്തേക്ക് നീങ്ങിയതോടെ യുവതി ബഹളം വെച്ചു. അപ്പോഴാണ് കണ്ടക്ടർ എത്തുന്നതും വിഷയത്തിൽ ഇടപെടുന്നതും.
അയാൾ അപ്പോഴും സിബ്ബ് ഇട്ടിട്ടില്ലെന്ന് യുവതി വിളിച്ചുപറഞ്ഞു. കാര്യങ്ങൾ ബോധ്യപ്പെട്ട കണ്ടക്ടർ പരാതി ഉണ്ടോയെന്ന് യുവതിയോട് ചോദിച്ച ശേഷം പോലീസ് സ്റ്റേഷനിലേക്ക് നീങ്ങാൻ ഡ്രൈവറോട് നിർദ്ദേശിക്കുകയായിരുന്നു. ഇതെല്ലാം യുവതി മൊബൈലിൽ വീഡിയോയായി പകർത്തുകയും ചെയ്തു.
ബസ് നെടുമ്പാശേരി എയർപോർട്ട് പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഇയാൾ ബസിൽ നിന്ന് ഇറങ്ങി കണ്ടക്ടറെ തളളിമാറ്റി ഓടാൻ നോക്കി. എന്നാൽ നാട്ടുകാരും ബസിലുണ്ടായിരുന്നവരും ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. താൻ പ്രതികരിച്ച രീതിയിൽ സന്തോഷമുണ്ടെന്ന് യുവതി പറയുന്നു. ബസിലുണ്ടായിരുന്ന നിയമവിദ്യാർത്ഥിയും കണ്ടക്ടറും യാത്രക്കാരും പോലീസും നല്ല സഹകരണമായിരുന്നുവെന്നും യുവതി കൂട്ടിച്ചേർത്തു.
ഇനി അവൻ ആ സിബ്ബ് തുറക്കുമ്പോൾ എന്റെ മുഖം ഓർക്കണമെന്ന് പറഞ്ഞാണ് യുവതി വീഡിയോ അവസാനിപ്പിക്കുന്നത്. സവാദ് ഓടി രക്ഷപെടാൻ നോക്കുന്നതിന്റെയും ബസിൽ വെച്ചുളള ദൃശ്യങ്ങളും സഹിതമായിരുന്നു യുവതിയുടെ വീഡിയോ പോസ്റ്റ്.
Discussion about this post