ന്യൂഡൽഹി: തന്റെ വകുപ്പുമാറ്റം ഏതെങ്കിലും ശിക്ഷയുടെ ഭാഗമല്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജിജു. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെയും സർക്കാരിന്റെ ആസൂത്രണത്തിന്റെയും ഭാഗമായിട്ടാണ് ഇത്തരം മാറ്റങ്ങളെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജിജു പറഞ്ഞു. നിയമമന്ത്രാലയത്തിൽ നിന്ന് കിരൺ റിജ്ജിജുവിനെ ഭൗമശാസ്ത്ര മന്ത്രാലയത്തിലേക്ക് മാറ്റിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമവാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്ത് നിന്നും താൻ ഇത്തരം വിമർശനങ്ങൾ പ്രതീക്ഷിച്ചിരുന്നതായി കിരൺ റിജ്ജിജു പറഞ്ഞു. അത് പുതുമയല്ലെന്നും അ്‌ദ്ദേഹം കൂട്ടിച്ചേർത്തു. നിയമമന്ത്രാലയത്തിലെ കിരൺ റിജ്ജിജുവിന്റെ പ്രവർത്തനങ്ങളിലെ അതൃപ്തിയാണ് മാറ്റത്തിന് കാരണമെന്നായിരുന്നു മാദ്ധ്യമ വാർത്തകൾ. വകുപ്പ് മാറ്റം അറിഞ്ഞതിന് പിന്നാലെ കോൺഗ്രസ് ഉൾപ്പെടെയുളള ഏതാനും പാർട്ടി നേതാക്കൾ കിരൺ റിജ്ജിജുവിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പരാജയപ്പെട്ട നിയമമന്ത്രിയെന്ന് ആയിരുന്നു രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബലിന്റെ വിമർശനം.
ജുഡീഷ്യറിയുമായുളള തുടർച്ചയായ അഭിപ്രായ ഭിന്നതയാണോ മാറ്റത്തിന് കാരണമെന്ന ചോദ്യത്തിന് കഴിഞ്ഞ മന്ത്രാലയത്തിന്റെ കാര്യങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നതിൽ പ്രസക്തിയില്ലെന്ന് ആയിരുന്നു കിരൺ റിജ്ജിജുവിന്റെ പ്രതികരണം.
ഇന്ന് രാവിലെയാണ് കിരൺ റിജ്ജിജു ഭൗമശാസ്്ത്ര മന്ത്രാലയത്തിലെത്തി ചുമതലയേറ്റത്. അഡീഷണൽ സെക്രട്ടറിയും ഫിനാൻഷ്യൽ അഡൈ്വസറുമായ വിശ്വജിത് സഹായ്, കാലാവസ്ഥാ വിഭാഗം ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മഹാപത്ര തുടങ്ങിയവരും പുതിയ മന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു.
Discussion about this post