കൊൽക്കത്ത: സുപ്രീംകോടതി അനുമതി നൽകിയിട്ടും ദി കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ മടിച്ച് ബംഗാളിലെ തിയറ്റർ ഉടമകൾ. തൃണമൂൽ പ്രവർത്തകരുടെ ഭീഷണിയെ തുടർന്നാണ് ഉടമകൾ സിനിമ പ്രദർശിപ്പിക്കുന്നതിൽ നിന്നും വിട്ട് നിൽക്കുന്നത്. കഴിഞ്ഞ ദിവസമാണ് ദി കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നതിന് ബംഗാൾ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി പിൻവലിച്ചത്.
50 തിയറ്ററുകളിൽ എങ്കിലും ഇന്ന് മുതൽ സിനിമ പ്രദർശിപ്പിക്കേണ്ടത് ആയിരുന്നുവെന്ന് സിനിമയുടെ വിതരണക്കാരനായ സതദീപ് സാഹ പറഞ്ഞു. സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ തിയറ്റർ ഉടമകൾ എത്തി ചിത്രം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് രാവിലെ ആരും പ്രദർശിപ്പിച്ചില്ല. ഇക്കാര്യം അവരോട് ചോദിച്ചിരുന്നു. ഭയന്നിട്ടാണ് എന്നായിരുന്നു മറുപടി. തൃണമൂൽ പ്രവർത്തകർ ഇവരെ ഭീഷണിപ്പെടുത്തിയെന്നാണ് മനസ്സിലാക്കുന്നത്.
സിനിമ പ്രദർശിപ്പിച്ചാൽ പല വിധ പ്രത്യാഘാതങ്ങൾ ഉണ്ടാകുമോയെന്ന് ഭയക്കുന്നതായി തിയറ്റർ ഉടമകൾ പറഞ്ഞു. അതുകൊണ്ട് തന്നെ അവർ പ്രദർശിപ്പിച്ചില്ല. സിനിമയുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും നൽകാമെന്ന് താൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ തിയറ്റർ ഉടമകൾ വിട്ട് നിൽക്കുകയായിരുന്നു. തനിക്ക് അവരുടെ ഭയം മനസ്സിലാകും. ആരെയും പ്രശ്‌നങ്ങളിൽ കൊണ്ട് ചാടിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post