ശ്രീനഗർ: ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ പഴുതടച്ച സുരക്ഷയൊരുക്കാൻ സുരക്ഷാ സേന. വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് കശ്മീരിൽ സുരക്ഷ വർദ്ധിപ്പിക്കുന്നത്. ജി20യുടെ ഭാഗമായുള്ള സമ്മേളനങ്ങൾ പൂർത്തിയാകുന്നതുവരെ ജാഗ്രത തുടരാൻ സുരക്ഷാ സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി എൻസ്ജി, മറൈൻ കമാൻഡോകൾ ഉടൻ കശ്മീരിൽ വിന്യസിക്കും. ഇവർക്കൊപ്പം എസ്ഒജി കമാൻഡോകളും ഉണ്ടാകും. സിആർപിഎഫ്, മറ്റ് അർദ്ധ സൈനിക വിഭാഗങ്ങൾ എന്നിവയും സുരക്ഷയൊരുക്കും.
ദാൽ തടാകത്തിന്റെ പരിസരങ്ങളിലാകും മറൈൻ കമാൻഡോകൾ വിന്യസിക്കുക. തടാകത്തിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളെ ഇവർ സൂക്ഷ്മമായി പരിശോധിക്കും. ഹൗസ്‌ബോട്ടുകൾ ഉൾപ്പെടെയുള്ളവ പരിശോധിക്കും. തടാകവും പരിസരവും ശുചിയാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും ഇവർ ഏർപ്പെടും. ശ്രീനഗറിലെ ലാൽ ചൗക്കിൽ എൻഎസ്ജി കമാൻഡോകൾ വിന്യസിക്കും. ജമ്മു കശ്മീർ പോലീസും സിആർപിഎഫും സുരക്ഷയ്ക്കായി ഇവിടെ ഇവർക്കൊപ്പമുണ്ടാകും.
ജി20യുടെ ഭാഗമായുള്ള യോഗങ്ങൾക്ക് ശ്രീനഗറാണ് വേദിയാകുന്നത്. അതുകൊണ്ട് നഗരത്തിൽ ഗതാഗതത്തിന് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. വാഹന പരിശോധനയുൾപ്പെടെ ശക്തമാക്കും.
Discussion about this post