കൊച്ചി: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പുറത്ത് വന്നതിന് പിന്നാലെ പരീക്ഷയുമായി ബന്ധപ്പെട്ട് നടൻ ഹരീഷ് പേരടി നടത്തിയ പരാമർശം ചർച്ചയാവുന്നു. പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കിൽ പരീക്ഷകൾ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആധുനിക വിദ്യാഭ്യാസവുമായി ഒരു പുല ബന്ധവുമില്ലാത്ത പരീക്ഷകൾ നിരോധിച്ചാൽ എല്ലാവർക്കും ഉയർന്ന വിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരവും കണ്ടെത്താൻ പറ്റും. അല്ലാത്ത കാലത്തോളം നമ്മൾ തോൽക്കുന്നവരും ജയിക്കുന്നവരുമായ വിവേചനമുള്ള ഒരു സമൂഹമായി മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവർക്കും ജയിക്കാനുള്ളതാവണം ആധുനിക വിദ്യാഭ്യാസം..എല്ലാ അറിവുകളും ആരെയും തോൽപ്പിക്കാനാവരുത്..തോറ്റുപോയ ആരും ഇല്ലാത്ത കാലത്തെ. നിങ്ങൾ ജയിച്ചവർ ആവുകയുള്ളു. യഥാർത്ഥ വിജയികൾ ആവുകയുള്ളുയെന്ന് അദ്ദേഹം കുറിച്ചു.
അതേസമയം എസ്എസ്എൽസി പരീക്ഷയ്ക്ക് ഈ വർഷം 99.70 ശതമാനമാണ് വിജയം. 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങൾക്കും 68,604 പേർ എ പ്ലസ് നേടി.
Discussion about this post