ന്യൂഡൽഹി: വേനലവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ നടത്തിയത് 6369 സ്‌പെഷൽ ട്രിപ്പുകൾ. 380 ട്രെയിനുകളാണ് സമ്മർ സ്‌പെഷലുകളായി സർവ്വീസ് നടത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ട്രെയിനുകളും സർവ്വീസുകളും ഇക്കുറി നടത്തിയതായി റെയിൽവേ അറിയിച്ചു.
2022 ൽ 348 സമ്മർ സ്‌പെഷൽ ട്രെയിനുകളാണ് റെയിൽവേ ഇറക്കിയത്. 4599 ട്രിപ്പുകൾ മാത്രമായിരുന്നു നടത്തിയത്. ഇക്കുറി 1770 ട്രിപ്പുകൾ അധികം നടത്തി. റെയിൽവേയുടെ എല്ലാ മേഖലാ ഓഫീസുകളും കേന്ദ്രീകരിച്ച് സ്‌പെഷൽ ട്രെയിനുകൾ സർവ്വീസ് നടത്തിയിരുന്നു.
6369 ട്രിപ്പുകളിലായി 25794 ജനറൽ കോച്ചുകളുടെയും 55243 സ്ലീപ്പർ കോച്ചുകളുടെയും സേവനം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ജനറൽ കോച്ചുകളിൽ 100 യാത്രക്കാരെയും സ്ലീപ്പർ കോച്ചുകളിൽ 72 യാത്രക്കാർക്കുമാണ് ഔദ്യോഗിക കണക്ക് അനുസരിച്ച് സഞ്ചരിക്കാനാകുക.
കർണാടക റെയിൽവേ മേഖലാ കേന്ദ്രത്തിൽ നിന്ന് 1790 ട്രിപ്പുകളാണ് നടത്തിയത്. കഴിഞ്ഞ വർഷം ഇത് 779 ട്രിപ്പുകളായിരുന്നു. ഗുജറാത്തിൽ കഴിഞ്ഞ വർഷം 438 ട്രിപ്പുകൾ മാത്രം നടത്തിയ സ്ഥാനത്ത് ഇക്കുറി 1470 ട്രിപ്പുകൾ നടത്തി. സൗത്ത് സെൻട്രൽ റെയിൽവേ ഇക്കുറി 784 ട്രിപ്പുകൾ നടത്തി. കഴിഞ്ഞ വർഷം 80 ട്രിപ്പുകൾ മാത്രം നടത്തിയ സ്ഥാനത്താണിത്. നോർത്ത് സെൻട്രൽ റെയിൽവേയും ഈസ്റ്റ് സെൻട്രൽ റെയിൽവേയും സമാനമായ രീതിയിൽ കൂടുതൽ സർവ്വീസുകൾ നടത്തിയതായി റെയിൽവേ അറിയിച്ചു.
Discussion about this post