പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി കൂടിക്കാഴ്ച നടത്തി. ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും ഉഭയകക്ഷി ചർച്ച നടത്തിയത്. ചർച്ചയ്ക്ക് മുൻപുള്ള ചിത്രങ്ങളടക്കം നേതാക്കൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യ, വ്യാപാരം, നിക്ഷേപം തുടങ്ങീ വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
ഋഷി സുനക്കുമായി നടത്തിയ കൂടിക്കാഴ്ച ഏറെ ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. വ്യാപാരം, നവീകരണം, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറുമായി(എഫ്ടിഎ) ബന്ധപ്പെട്ടും ഇരുനേതാക്കളും സംസാരിച്ചു. 2022 ജനുവരി മുതലാണ് ഇന്ത്യയും യുകെയും തമ്മിൽ എഫ്ടിഎ ചർച്ചകൾ നടത്തിവരുന്നുണ്ട്.
ഇന്നലെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ശേഷം ഇതാദ്യമായാണ് മോദിയും സെലൻസ്‌കിയും കൂടിക്കാഴ്ച നടത്തുന്നത്. യുക്രെയ്‌നുള്ള മാനുഷിക സഹായങ്ങൾ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സഹായിച്ചതിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു.
Discussion about this post