ചണ്ഡീഗഡ്: പഞ്ചാബിലേക്ക് തുടർച്ചയായി ഡ്രോൺ അയച്ച് പ്രകോപനം ഉണ്ടാക്കി പാകിസ്താൻ. അതിർത്തി കടന്ന് വീണ്ടും എത്തിയ പാക് ഡ്രോൺ ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തി. അമൃത്‌സർ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തി കടന്നായിരുന്നു ഡ്രോൺ എത്തിയത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. തുടർച്ചയായി ഡ്രോണുകൾ എത്തുന്ന സാഹചര്യത്തിൽ അതിർത്തിയിൽ നിരീക്ഷണവും ജാഗ്രതയും ബിഎസ്എഫ് ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെയായിരുന്നു വീണ്ടും ഡ്രോൺ എത്തിയത്. മൂളൽ ശബ്ദം കേട്ടതോടെ ബിഎസ്എഫ് സ്ഥലത്ത് വിശദമായ നിരീക്ഷണം ആരംഭിച്ചു. അപ്പോഴാണ് കറുത്ത നിറത്തിലുള്ള ഡ്രോൺ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ വെടിവെച്ച് വീഴ്ത്തി. ഡ്രോണിൽ നിന്നും ലഹരി വസ്തുവും ബിഎസ്എഫ് കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അഞ്ചാമത്തെ പാക് ഡ്രോൺ ആണ് ബിഎസ്എഫ് വെടിവച്ച് വീഴ്ത്തുന്നത്. വെള്ളിയാഴ്ച അതിർത്തികടന്ന് എത്തിയ രണ്ട് പാക് ഡ്രോണുകൾ ബിഎസ്എഫ് തകർത്തിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ച രാത്രിയും രണ്ട് ഡ്രോണുകൾ അതിർത്തി കടന്ന് എത്തി. ഇതും ബിഎസ്എഫ് തകർക്കുകയായിരുന്നു. ഇവയിൽ നിന്നെല്ലാം ലഹരി വസ്തുവും പിടിച്ചെടുത്തിട്ടുണ്ട്. ഡ്രോൺ വഴി പഞ്ചാബിലേക്ക് വൻ തോതിൽ ലഹരി എത്തിക്കാനുള്ള ശ്രമമാണ് പാകിസ്താൻ നടത്തുന്നത് എന്നാണ് വിലയിരുത്തൽ.
Discussion about this post