ഛണ്ഡീഗഡ്: പഞ്ചാബിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ജർനൈൽ സിംഗ് ആണ് കൊല്ലപ്പെട്ടത്. അമൃത്‌സറിൽ വച്ച് ഇയാൾക്ക് നേരെ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു.
ഉച്ചയോടെയായിരുന്നു സംഭവം. പഞ്ചാബിലെ കുപ്രസിദ്ധ ഗുണ്ടാ സംഘമായ ഗോപി ഗംശംപൂരിയ സംഘത്തിലെ പ്രധാനിയാണ് ഇയാൾ. ഒരു ക്രിമിനൽ കേസിൽ ജയിലിൽ പോയ ഇയാൾ അടുത്തിടെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് കൊല്ലപ്പെടുന്നത്. കുടിപ്പകയാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പോലീസ് നൽകുന്ന സൂചന.
നഗരത്തിലെ ഒരു ഗോഡൗണിൽ എത്തിയതായിരുന്നു ജർനൈൽ സിംഗ്. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. വാഹനത്തിൽ എത്തി നാലംഗ സംഘം നിർത്താതെ വെടിയുതിർക്കുകയായിരുന്നു. ഇയാൾ നിലത്ത് വീണതോടെ അക്രമി സംഘം കടന്നു കളഞ്ഞു. ഉടനെ നാട്ടുകാർ ചേർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
25 ബുള്ളറ്റുകളാണ് ഇയാളുടെ ശരീരത്തിലേറ്റത് എന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവ ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി.
നാടിനെ നടുക്കിയ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ജർനൈൽ സിംഗിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇത് പോലീസ് ശേഖരിച്ചു. ഇതിനോടകം തന്നെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. അതേസമയം ജർനൈൽ സിംഗിനെ അക്രമികൾ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post