അങ്കാര: ലോകത്തിലെ ഏറ്റവും വലിയ മൂക്കിനുടമ അന്തരിച്ചു. തുർക്കി പൗരനായ ആർട്വിനിൽ നിനന്ള്ള മെഹ്‌മത് ഒസ്യുറേക്ക് ആണ് അന്തരിച്ചത്. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ടുകൾ.
ഗിന്നസ് വേൾഡ് റെക്കോർഡാണ് അദ്ദേഹത്തിന്റെ മരണവിവരം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കടുത്ത നെഞ്ച് വേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെ തുടർന്ന് ഒസ്യുറേക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയയും ഡോക്ടർ നിർദ്ദേശിച്ചിരുന്നു. ഇതിനായുള്ള തയ്യാറെടുപ്പുകൾക്കിടെയായിരുന്നു ഒസ്യുറേക്കിന്റെ അപ്രതീക്ഷിത വിയോഗം.
8.8 ആണ് ഒസ്യുറേക്കിന്റെ മൂക്കിന്റെ നീളം. ഇന്ന് ജീവിച്ചിരിപ്പുള്ളവരിൽ മൂക്കിന് ഏറ്റവും നീളം കൂടിയ വ്യക്തിയായിരുന്നു അദ്ദേഹം. മറ്റുള്ളവരെക്കാൾ നന്നായി മണം പിടിക്കാനും മൂക്കുകൊണ്ട് ബലൂൺ വീർപ്പിക്കാനുമൊക്കെ കഴിവുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ബാല്യകാലം മുതൽ തന്നെ അദ്ദേഹത്തിന്റെ മൂക്കിന് അസാധാരണ വലിപ്പം ഉണ്ടായിരുന്നു. ഇതേ തുടർന്ന് പഠനകാലത്ത് സഹപാഠികളിൽ നിന്നും അദ്ദേഹം വലിയ പരിഹാസം ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ പിൽക്കാലത്ത് ആ മൂക്കിന്റെ പേരിൽ അദ്ദേഹം പ്രശസ്തനാകുകയായിരുന്നു.
നീളമുള്ള മൂക്ക് പാരമ്പര്യമാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ പിതാവിനെക്കാളും പൂർവ്വികരെക്കാളും മൂക്കിന് ഏറ്റവും നീളം തനിക്കാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Discussion about this post