ന്യൂഡൽഹി : സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ദാരിദ്ര്യത്തിനെതിരെ പോരാടുന്നതിലും കോവിഡിനെതിരെ പോരാട്ടം നടത്തുന്നതിലും മുന്നിൽ നിൽക്കുന്ന ഇന്ത്യയെ വലിയ പ്രതീക്ഷയോടെയാണ് ലോകം വീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലേക്ക് വരാനും ഇവിടുത്തെ സംസ്‌കാരവും പൈതൃകരയും കാണാനും മനസിലാക്കാനും ലോകമമ്പാടുമുള്ളവർ ആഗ്രഹിക്കുന്നുണ്ട്. ഉത്തരാഖണ്ഡ് പോലുള്ള സംസ്ഥാനങ്ങൾക്ക് ഇത് മികച്ച അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ഇനി ആർക്കും പിടിച്ചുനിർത്താനാകില്ല. വന്ദേ ഭാരത് പോലെ രാജ്യം മുന്നോട്ട് കുതിക്കും. വലിയ പ്രതീക്ഷയോടെയാണ് ലോക രാജ്യങ്ങൾ ഇന്ത്യയെ നോക്കിക്കാണുന്നത്. ലോകം ഇന്ന് ഇന്ത്യയിലേക്ക് വരാനാണ് ആഗ്രഹിക്കുന്നത്. ഇത് ഉത്തരാഖണ്ഡിന് കൂടുതൽ അവസരം നൽകുമെന്നും ഇത് പ്രയോജനപ്പെടുത്താൻ വന്ദേ ഭാരത് എക്‌സ്പ്രസ് സംസ്ഥാനത്തെ സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുളള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈ-സ്പീഡ് ട്രെയിൻ എന്ന ഇന്ത്യയിലെ ജനങ്ങളുടെ സ്വപ്‌നം ഇന്ന് സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ദേവഭൂമി ഇനി ലോകത്തിന്റെ ആത്മീയ കേന്ദ്രമായി മാറും. ഉത്തരാഖണ്ഡിൽ കൂടുതൽ വികസനമെത്തിക്കുകയാണ് അടുത്ത ലക്ഷ്യം. 12,000 കോടിയുടെ ചാർ ധാം പദ്ധതി ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post