ന്യൂഡൽഹി; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂർ സന്ദർശിക്കും. ഈ മാസം 29 മുതൽ ജൂൺ ഒന്ന് വരെയാണ് അമിത് ഷാ മണിപ്പൂരിലെത്തുക. ഗോത്ര വിഭാഗങ്ങൾക്ക് സംവരണം നൽകിയതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ മേഖലകളിൽ അമിത് ഷാ ഇരുവിഭാഗങ്ങളുമായും ചർച്ചകൾ നടത്തും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഇക്കാര്യം അറിയിച്ചത്.
സംഘർഷത്തിലേർപ്പെട്ട ഇരുവിഭാഗങ്ങളും സമാധാനം പാലിക്കണമെന്നും എല്ലാവർക്കും നീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അമിത് ഷാ ഇന്നലെ അസമിൽ പറഞ്ഞിരുന്നു. മെയ്‌തെയ് വിഭാഗത്തിന് സംവരണം നൽകാനുളള കോടതി ഉത്തരവിനെ തുടർന്നാണ് മണിപ്പൂർ സംഘർഷത്തിലേക്ക് നീങ്ങിയത്. കുകി വിഭാഗവും മെയ്‌തെയ് വിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി വീടുകളും ആരാധനാലയങ്ങളും നശിപ്പിക്കപ്പെട്ടു.
സൈന്യത്തെ ഇറക്കിയാണ് കലാപം സംസ്ഥാന സർക്കാർ നിയന്ത്രണ വിധേയമാക്കിയത്. സംഘർഷം രൂക്ഷമായിരുന്ന മേഖലകളിൽ കർഫ്യൂ ഉൾപ്പെടെ പ്രഖ്യാപിച്ചാണ് സമാധാനത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. ആയിരക്കണക്കിന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് സൈന്യം മാറ്റുകയും ചെയ്തിരുന്നു.
ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസവും മണിപ്പൂരിൽ വീണ്ടും സംഘർഷം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് അമിത് ഷാ നേരിട്ടെത്തി ചർച്ചകൾ നടത്തുന്നത്.
Discussion about this post