ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്നതിനായി സെങ്കോൽ ഡൽഹിയിൽ എത്തിച്ചു. ഉത്തർപ്രദേശിലെ അലഹബാദിലുള്ള മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന സെങ്കോൽ ഇന്ന് രാവിലെയോടെയാണ് ഡൽഹിയിൽ എത്തിച്ചത്. ഞായറാഴ്ചയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം.
അലഹബാദ് മ്യൂസിയം ക്യുറേറ്റർ വാമൻ വാങ്കഡെയാണ് സെങ്കോൽ ഡൽഹിയിലേക്ക് കൊണ്ടുപോയ വിവരം അറിയിച്ചത്. സെങ്കോൽ ഉൾപ്പെടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ മുഴുവൻ സാധനങ്ങളും സൂക്ഷ്ച്ചിരുന്നത് ഇവിടെയാണ്. എന്നാൽ കഴിഞ്ഞ വർഷം സെങ്കോൽ മാത്രം ദേശീയ മ്യൂസിയത്തിലേക്ക് മാറ്റിയിരുന്നു.
അലഹബാദ് മ്യൂസിയത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചതും നെഹ്രുവാണ്. 1200ൽ പരം സാധനങ്ങൾ അദ്ദേഹം മ്യൂസിയത്തിന് സംഭാവന ചെയ്തിട്ടുണ്ടെന്നും വാങ്കഡെ വ്യക്തമാക്കി.
ബ്രിട്ടീഷുകാർ ഇന്ത്യയുടെ ഭരണം കൈമാറിയതിന്റെ പ്രതീകമായാണ് സെങ്കോലിനെ കണക്കാക്കുന്നത്. 162 സെന്റീമീറ്റർ നീളമുള്ള സ്വർണം പൂശിയ ദണ്ഡാണ് സെങ്കോൽ. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇത് സ്ഥാപിക്കുക. പുതിയ മന്ദിരത്തിലെ ലോക്‌സഭാ സ്പീക്കറുടെ ചേംബറിലായിരിക്കും ചെങ്കോലിന്റെ സ്ഥാനമെന്നാണ് സൂചന.
Discussion about this post