അഹമ്മദാബാദ്; ടോസ് ലഭിച്ചിട്ടും എതിരാളികളുടെ ഹോം ഗ്രൗണ്ടിൽ അവരെ ബാറ്റിംഗിന് അയച്ച മുംബൈയ്ക്ക് കൊടുക്കേണ്ടി വന്നത് കനത്ത വില. ഗുജറാത്ത് ടൈറ്റൻസുമായുളള മത്സരത്തിൽ 62 റൺസിന്റെ കനത്ത പരാജയമാണ് മുംബൈയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഫൈനലിന്റെ പടിവാതിൽക്കൽ കലമുടയ്ക്കുന്നതായിരുന്നു മുംബൈയുടെ പ്രകടനം.
ടോസ് നഷ്ടപ്പെട്ടിട്ടും മുംബൈയുടെ ആനുകൂല്യത്തിൽ ബാറ്റേന്തിയ ടൈറ്റൻസ് അവസരം ഒട്ടും പാഴാക്കിയില്ല. ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയും സായ് സുദർശന്റെയും (31 പന്തിൽ 43), ഹാർദിക് പാണ്ഡ്യയുടെയും (13 പന്തിൽ 28) പ്രകടനമികവും ചേർന്നപ്പോൾ ടൈറ്റൻസിന്റെ സ്‌കോർ ഒരു ഘട്ടത്തിലും മുംബൈയുടെ പിടിയിൽ ഒതുങ്ങിയില്ല.
60 പന്തിൽ നിന്ന് 129 റൺസാണ് ശുഭ്മാൻ ഗിൽ അടിച്ചുകൂട്ടിയത്. 10 സിക്‌സറും ഏഴ് ഫോറുകളും അടങ്ങുന്ന വെടിക്കെട്ട് ഗാലറിയെ പലപ്പോഴും ആവേശത്തിൽ ആറാടിച്ചു. മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 20 ഓവറിൽ 233 റൺസ് ടൈറ്റൻസ് അടിച്ചെടുത്തു.
234 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിലേ പണി പാളി. ഓപ്പണർമാരായ രോഹിത് ശർമ്മയും നെഹാൽ വധേരയും തുടക്കത്തിലേ മടങ്ങി. രോഹിത് ഏഴ് പന്തിൽ നിന്ന് എട്ട് റൺസും നെഹാൽ മൂന്ന് പന്തിൽ നിന്ന് നാല് റൺസും മാത്രമാണ് കണ്ടെത്തിയത്. പിന്നാലെ ക്രീസിൽ കൈകോർത്ത കാമറൂൺ ഗ്രീനും (20 പന്തിൽ 30), സൂര്യകുമാർ യാദവും (38 പന്തിൽ 61) തിലക് വർമ്മയും (14 പന്തിൽ 43) രക്ഷകരുടെ റോൾ അണിയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
മുംബൈയുടെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മൊഹിത് ശർമ്മ വാലറ്റത്തിന്റെ ചെറുത്തുനിൽപും അവസാനിപ്പിച്ചു. മുഹമ്മദ് ഷമിയും റാഷിദ് ഖാനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
Discussion about this post