ബംഗലൂരു: ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയ യുവമോർച്ച പ്രാദേശിക നേതാവ് പ്രവീൺ നെട്ടാരുവിന്റെ ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് കർണാടകയിലെ കോൺഗ്രസ് സർക്കാർ. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗ്രൂപ്പ് സി ജീവനക്കാരിയായിട്ടാണ് കരാർ അടിസ്ഥാനത്തിൽ നൂതൻ കുമാരിയെ നിയമിച്ചിരുന്നത്.
കഴിഞ്ഞ വർഷം സെപ്തംബർ 29 നായിരുന്നു ബസവരാജ് ബൊമ്മെ സർക്കാർ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ബംഗലൂരുവിൽ എത്താനുളള ബുദ്ധിമുട്ട് മൂലം പിന്നീട് നൂതന്റെ അഭ്യർത്ഥന പ്രകാരം ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുടെ മംഗലൂരുവിലെ ഓഫീസിലേക്ക് മാറ്റിയിരുന്നു. ഈ ജോലിയാണ് ഇപ്പോൾ നഷ്ടമായത്.
ബസവരാജ് ബൊമ്മെ സർക്കാർ നടത്തിയ എല്ലാ കരാർ നിയമനങ്ങളും സിദ്ധരാമയ്യ സർക്കാർ റദ്ദാക്കിയിട്ടുണ്ട്. അക്കൂട്ടത്തിലാണ് നൂതൻ കുമാരിയെപ്പോലുളളവരുടെ ജീവിതവും ഇരുട്ടിലാക്കിയത്.
സർക്കാർ മാറിയാൽ താൽക്കാലിക നിയമങ്ങൾ സ്വാഭാവികമായി റദ്ദാകുമെന്നും നൂതന് വേണമെങ്കിൽ ജോലിയിൽ തുടരണമെന്ന് കാണിച്ച് അപേക്ഷ നൽകിയാൽ അക്കാര്യം താൻ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ഡെപ്യൂട്ടി കമ്മീഷണർ എം.ആർ രവികുമാർ പറഞ്ഞു.
2022 ജൂലൈ 26 നാണ് പ്രവീൺ നെട്ടാരുവിനെ ക്രൂരമായി കൊലപ്പെടുത്തുന്നത്. കേസ് നിലവിൽ എൻഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കൊലപാതക സംഘത്തിലുണ്ടായിരുന്നവർ ഉൾപ്പെടെ പത്തിലധികം പ്രതികൾ പിടിയിലായിട്ടുണ്ട്. അതേസമയം കോൺഗ്രസ് സർക്കാരിന്റെ നടപടി പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ ആരോപിച്ചു.
Discussion about this post