ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്ധ്യക്ഷം വഹിച്ച നീതി ആയോഗിന്റെ എട്ടാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതെ പിണറായി ഉൾപ്പെടെയുളളവർ. മുഖ്യമന്ത്രിമാരുടെ സമീപനം ജനവിരുദ്ധമാണെന്നും നിരുത്തരവാദ പരമാണെന്നും ബിജെപി കുറ്റപ്പെടുത്തി.
ശനിയാഴ്ചയാണ് ഡൽഹിയിലെ പ്രഗതി മൈതാനിയിലുളള ന്യൂ കൺവെൻഷൻ സെന്ററിൽ നീതി ആയോഗിന്റെ യോഗം നടന്നത്. അടിസ്ഥാന സൗകര്യ വികസനവും ആരോഗ്യവും നൈപുണ്യ വികസനവും സ്ത്രീ ശാക്തീകരണവും ഉൾപ്പെടെയുളള നിർണായക വിഷയങ്ങളായിരുന്നു അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നത്. 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി ഉയർത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയുളള ചർച്ചകളും ആശയങ്ങളുമാണ് യോഗത്തിലുണ്ടായത്. അത്തരം നിർണായക യോഗത്തിൽ നിന്നാണ് പിണറായി ഉൾപ്പെടെയുളളവർ വിട്ടുനിന്നത്.
വിട്ടുനിന്ന മുഖ്യമന്ത്രിമാരുടെ സമീപനം തീർത്തും നിരുത്തരവാദ പരമാണെന്ന് മുതിർന്ന ബിജെപി നേതാവ് രവി ശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു. ഇത്തരം നിലപാടുകൾ ജനതാൽപര്യങ്ങൾക്ക് എതിരാണെന്നും ജനവിരുദ്ധ സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവരുടെ സംസ്ഥാനത്തെ ജനങ്ങളുടെ ശബ്ദം എത്തിക്കേണ്ടിയിരുന്ന വേദിയിൽ നിന്നാണ് മുഖ്യമന്ത്രിമാർ വിട്ടുനിന്നതെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, സ്മൃതി ഇറാനി തുടങ്ങിയവരുൾപ്പെടെ യോഗത്തിൽ പങ്കെടുത്തിരുന്നു.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തുടങ്ങിയവർക്ക് ഒപ്പമാണ് പിണറായിയും യോഗം ബഹിഷ്‌കരിച്ചത്.
Discussion about this post