കൊച്ചി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഫോട്ടോ പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ.
‘ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് അഭിമാന നിമിഷം’ എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചത്. പ്രധാനമന്ത്രി പൂജ നടത്തുന്ന ചിത്രവും ചെങ്കോൽ സ്ഥാപിക്കുന്ന ചിത്രവും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
പ്രധാനമന്ത്രി എത്തിച്ചേർന്ന ശേഷം ദേശീയ ഗാനാലാപനത്തോടെയായിരുന്നു പാർലമെന്റിൽ ചടങ്ങുകൾക്ക് തുടക്കമായത്. പുതിയ പാർലമെന്റിനെക്കുറിച്ചുള്ള ഹ്രസ്വ ചിത്രവും ചടങ്ങിനിടെ പ്രദർശിപ്പിച്ചു. വി.ഡി സവർക്കറുടെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ പാർലമെന്റിൽ അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ പ്രണാമം അർപ്പിച്ച ശേഷമാണ് മോദി ലോക്സഭയിലേക്ക് പ്രവേശിച്ചത്. പാർലമെന്റ് അംഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിനെത്തിയിരുന്നു
2020 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട മന്ദിരത്തിന്റെ നിർമാണം ടാറ്റ പ്രോജക്ട്സ് ആണ് പൂർത്തിയാക്കിയത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച പഴയ കെട്ടിടത്തെ അപേക്ഷിച്ച് വലുപ്പമേറിയ അകത്തളങ്ങളും കൂടുതൽ അംഗങ്ങളെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ഹാളുകളുമാണ് പുതിയ മന്ദിരത്തിന്റെ പ്രത്യേകത. കൂടാതെ വലിയ ലൈബ്രറി, വിശാലമായ പാർക്കിങ് സ്പേസ്, കമ്മിറ്റി റൂമുകൾ, കൂടുതൽ ഓഫീസ്, അനുബന്ധ സൗകര്യങ്ങൾ എന്നിവയുമുണ്ട്. അംഗപരിമിതർക്ക് അടക്കം എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് നിർമാണം.
65,000 ചതുരശ്ര മീറ്റർ വലുപ്പമുള്ളതാണ് പുതിയ നിർമിതി. പുതിയ മന്ദിരത്തിൽ തയ്യാറായിരിക്കുന്ന 384 പേർക്ക് ഇരിക്കാവുന്ന രാജ്യസഭാ ഹാളിന്റെ തീം താമരയാണ്. കൂടാതെ 888 പേർക്കിരിക്കാവുന്ന ലോക്സഭാ ഹാളുമുണ്ടാകും. മയിലിന്റെ രൂപമാണ് ലോക്സഭാ ഹാളിന്റെ ഇന്റീരിയർ തീം. രാജ്യത്തെ വർദ്ധിച്ച ജനസംഖ്യയ്ക്ക് അനുസരിച്ച് ജനപ്രതിനിധികളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമാണിത്












