ഭോപ്പാൽ: ശക്തമായി വീശി അടിച്ച കാറ്റിൽ ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ കേടുപാടുകൾ. ക്ഷേത്രത്തിലെ മഹാലോക് ഇടനാഴിയിലാണ് കേടുപാടുകൾ ഉണ്ടായത്. സംഭവത്തിൽ ആളപായം ഉണ്ടായില്ല.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. മൂന്ന് മണിയോടെ ക്ഷേത്രത്തിന്റെ ഭാഗത്ത് അപ്രതീക്ഷിതമായി കൊടുങ്കാറ്റിന് സമാനമായ കാറ്റ് അനുഭവപ്പെടുകയായിരുന്നു. മിനിറ്റുകളോളം ശക്തമായ കാറ്റ് തുടർന്നു. കാറ്റിൽ ഇടനാഴിയിൽ സ്ഥാപിച്ചിരുന്ന ആറോളം സപ്തർഷി വിഗ്രഹങ്ങൾ തകർന്നു. ഇടനാഴിയുടെ ചുവരുകൾക്ക് ഉൾപ്പെടെ കാറ്റിൽ കേടുപാടുകൾ ഉണ്ടായി.
ഞായറാഴ്ച ആയതിനാൽ ക്ഷേത്രത്തിൽ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കാറ്റ് വീശിയടിക്കാൻ ആരംഭിച്ചപ്പോൾ തന്നെ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാർ ഭക്തരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. കാറ്റിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം ഒക്ടോബർ 11 നായിരുന്നു മഹാലോക് ഇടനാഴിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചത്. 900 മീറ്ററാണ് ഇടനാഴിയുടെ നീളം. ശിവ ഭഗവാന്റേത് ഉൾപ്പെടെ നിരവധി വിഗ്രഹങ്ങളാണ് ഇടനാഴിയിൽ സ്ഥാപിച്ചിട്ടുള്ളത്.
Discussion about this post