ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ ചൈനീസ് നിർമ്മിത ആയുധങ്ങളുമായി മൂന്ന് കലാപകാരികൾ പിടിയിൽ.
5.56 എംഎം അറുപത് റൗണ്ട് മാഗസിൻ നിറച്ച കചടഅട റൈഫിൾ. വെടിയുണ്ടകൾ, ഒരു ചൈനീസ് ഹാൻഡ് ഗ്രനേഡ്, ഡിറ്റണേറ്റർ എന്നിവ പിടികൂടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിൽ എത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ചൈനീസ് ആയുധങ്ങളുമായി മൂന്ന് പേർ സൈന്യത്തിന്റെ പിടിയിലാവുന്നത്.ഇംഫാലിൽ കൺവെൻഷൻ സെന്റർ പ്രദേശത്ത് സംശയകരമായനിലയിൽ കാറിൽ നാല് പേരെ കാണുകയായിരുന്നു. കാർ തടഞ്ഞ് പരിശോധിക്കുന്നതിനിടെ ഒരാൾ രക്ഷപ്പെടുകയായിരുന്നു.
അതേസമയം ആഭ്യന്തരകലാപം രൂക്ഷമായ മണിപ്പൂരിൽ അമിത് ഷാ ഇന്നെത്തും. മൂന്ന് ദിവസം അമിത് ഷാ സംസ്ഥാനത്ത് തുടരും. ഗവർണറുമായും മുഖ്യമന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തും. ആക്രമണം ഉണ്ടായ മേഖലകൾ അമിത് ഷാ സന്ദർശിക്കും. വിവിധ ജനവിഭാഗങ്ങളുമായി സംസാരിച്ചു സമാധാന ശ്രമങ്ങൾ നടത്തുകയാണ് ലക്ഷ്യം.
അതേസമയം, മണിപ്പൂർ കലാപത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ തേടാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള സംഘം നാളെ രാഷ്ട്രപതിയെ കാണും. മുഖ്യമന്ത്രി എൻ ബിരേൻ സിങ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളെ കണ്ടിരുന്നു. ഇതുവരെ 40 തീവ്രവാദികളെ വധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആയുധങ്ങളുമായെത്തി അക്രമം അഴിച്ചു വിട്ടവർക്കെതിരെയാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. ഇംഫാലിൽ അടക്കം കർഫ്യൂവും ഇന്റെർനെറ്റ് നിരോധനവും തുടരുകയാണ്.
Discussion about this post