അഹമ്മദാബാദ്: മഴ കിരീടനേട്ടത്തിന് ഭീഷണിയാവുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ കളിയിൽ അഞ്ച് വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്‌സ് വിജയകിരീടം ചൂടുകയായിരുന്നു. മഴമാറി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയുടെ പടുകൂറ്റൻ സിക്‌സറുകളും ഫോറുകളും മഞ്ഞപ്പടയെ ആവേശക്കൊടുമുടിയിലാക്കിയിരുന്നു.
ഇപ്പോഴിതാ ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ഗുജറാത്ത് ടൈറ്റൻസ് ഫാനായ സുന്ദർ പിച്ചെ അടുത്ത വർഷത്തെ മത്സരത്തിൽ തന്റെ ടീം ഗംഭീര തിരിച്ചുവരവ് തന്നെ നടത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിജയികളായ ചെന്നൈയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ഗംഭീര ഫൈനൽ എന്ന് അദ്ദേഹം കുറിച്ചു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറുകളിൽ 214/4 എന്ന കൂറ്റൻ സ്‌കോർ നേടിയപ്പോൾ മഴയെത്തുടർന്ന് സിഎസ്‌കെയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു. അവസാന ഓവറുകളിൽ കളി കൈവിട്ടു എന്ന് തോന്നിയ നിമിഷം വിജയ ശിൽപ്പിയായി രവീന്ദ്ര ജഡേജ മാറുകയായിരുന്നു. പിന്നീട് മിന്നൽപിണരുകൾ പോലെ സിക്‌സറുകളും ഫോറുകളും കുതിച്ചു. ചെന്നൈ വിജയകിരീടം ചൂടുകയായിരുന്നു. അഞ്ചാം തവണയും കിരീടം ചൂടിയതോടെ കൂടുതൽ ഐപിഎൽ കിരീടം നേടിയ ടീമുകളിൽ മുംബൈ ഇന്ത്യൻസിനൊപ്പമെത്താനും സിഎസ്‌കെയ്ക്ക് കഴിഞ്ഞു.
ആദ്യദിനം മഴ കാരണം മത്സരം നടക്കാതിരുന്നതിനാൽ റിസർവ് ഡേയിലേക്ക് മാറ്റിയ ഐപിഎൽ ഫൈനൽ തെളിഞ്ഞ കാലാവസ്ഥയിലാണ് തുടങ്ങിയത്. ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ എം എസ് ധോണി ആദ്യം ഫീൽഡ് ചെയ്യാനാണ് തീരുമാനിച്ചത്.
Discussion about this post