ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട സിബിഐ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി ജാമ്യം നിരസിക്കുകയായിരുന്നു. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ദിനേശ് കുമാർ ശർമ്മയാണ് കേസിൽ വിധി പുറപ്പെടുവിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സിസോദിയയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
സിസോദിയ ഏറെ സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. മദ്യ ലൈസൻസ് അഴിമതിയുമായി ബന്ധപ്പെച്ച് ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചത്.
ജൂൺ ഒന്ന് വരെയാണ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. ഡൽഹി മദ്യനയം രൂപീകരിച്ചതിൽ ക്രമക്കേടുണ്ടെന്നും ഡൽഹിയിലെ മദ്യവിൽപ്പന ചില ഗ്രൂപ്പുകൾക്ക് മാത്രം ലഭ്യമാകുന്ന തരത്തിൽ രൂപീകരിച്ചത് സിസോദിയ ആണെന്നുമാണ് സിബിഐയുടെ വാദം. സിസോദിയ ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകൾ 2022 ജൂലൈയ്ക്ക് മുൻപ് സിസോദിയ തന്നെ നശിപ്പിച്ചുവെന്ന് അദ്ദേഹം തന്നെ സമ്മതിച്ചതായും സിബിഐ പറയുന്നു.








