കൊച്ചി: ജാനകിക്കുട്ടിയായി ഉൾപ്പെടെ ഒട്ടേറെ വേഷങ്ങളിൽ മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച നടി ജോമോൾ മകളുടെ നൃത്ത അരങ്ങേറ്റവേദിയിൽ നിറഞ്ഞുനിൽക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. അതിഥികളോട് കുശലം പറഞ്ഞും മകൾക്കൊപ്പം സെൽഫിയെടുത്തും അരങ്ങിൽ മകളുടെ മാതൃപൂജ ഏറ്റുവാങ്ങിയും ജോമോൾ നിറഞ്ഞുനിൽക്കുകയായിരുന്നു.
നടിയും നർത്തകിയുമായ നിരഞ്ജന അനൂപിന്റെ പുനർജ്ജനി സ്കൂൾ ഓഫ് ഡാൻസിലാണ് ജോമോളുടെ മകൾ നൃത്തം അഭ്യസിക്കുന്നത്. കുച്ചിപ്പുടി രംഗപ്രവേശം എന്ന പേരിലായിരുന്നു കുച്ചിപ്പുടി അരങ്ങേറ്റം സംഘടിപ്പിച്ചത്. സിനിമാ മേഖലയിൽ നിന്നുൾപ്പെടെയുളളവർ മകളുടെ അരങ്ങേറ്റം കാണാൻ എത്തിയിരുന്നു.
ഓരോ അതിഥികളുടെയും അടുത്ത് ഓടിയെത്തി കുശലം പറഞ്ഞും മകൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയും മൊബൈൽ ഫോണിൽ മകൾക്കൊപ്പം സെൽഫിയെടുത്തുമൊക്കെ അരങ്ങേറ്റ വേദിയിൽ ജോമോൾ നിറഞ്ഞുനിൽക്കുകയായിരുന്നു.
വീഡിയോകൾക്ക് താഴെ ആരാധകരും കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ജോമോൾക്ക് ഒരു മാറ്റവും വന്നിട്ടില്ലല്ലോ എന്നാണ് ആരാധകരിൽ അധികം പേരും കുറിക്കുന്നത്. ഒരു കാലത്ത് മഞ്ജു വാര്യർ ഉൾപ്പെടെയുളള മുൻനിര നടിമാർക്കൊപ്പം സിനിമയിൽ നിറഞ്ഞുനിന്ന നടിയായിരുന്നു ജോമോൾ.
ദീപസ്തംഭം മഹാശ്ചര്യം, നിറം, എന്ന് സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിലെല്ലാം കൈയ്യടി നേടിയ അഭിനയമായിരുന്നു നടി കാഴ്ചവെച്ചത്. വിവാഹ ശേഷം അഭിനയത്തിൽ സജീവമല്ല. 2002 ലായിരുന്നു വിവാഹം. രണ്ട് പെൺകുട്ടികളാണ്.
Discussion about this post