തൃശൂർ: തൃശൂർ പൂരത്തെ ഏത് വിധേനയും തകർക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രവർത്തിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാർ. ക്ഷേത്ര സംരക്ഷണമല്ല ക്ഷേത്രധ്വംസനമാണ് ദേവസ്വത്തിന്റെ നയപരിപാടി. തൃശൂർ പൂരം പതിറ്റാണ്ടുകളായി അതിമനോഹരമായി നടത്തുന്ന പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളേയും ഘടക പൂരങ്ങളെയും സാമ്പത്തികമായി തകർക്കാനാണ് കൊച്ചിൻ ദേവസ്വം ബോർഡ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് എക്‌സിബിഷൻ നടത്തുന്ന സ്ഥലത്തിന്റെ തറവാടക ഭീമമായി വർദ്ധിപ്പിച്ച് 1.82 കോടി നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് വിവേചനവും ചൂഷണവും സർവ്വോപരി ധാർഷ്ട്യവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ദേവന്റെ സ്ഥലത്ത് പൂരം നടത്തുവാൻ വിശ്വാസികൾ അവിശ്വാസികൾ ഭരിക്കുന്ന ദേവസ്വത്തിന് അന്യായ കപ്പം കൊടുക്കേണ്ടി വരുന്നതാണ് നിലവിലെ സാഹചര്യം. എക്‌സിബിഷൻ നടക്കുന്ന സ്ഥലത്തിന് ദേവസ്വം നിശ്ചയിച്ചിട്ടുള്ള വാടക പ്രതിദിനം 15000 രൂപയാണ്. ഈ തുകയ്ക്ക് തന്നെയാണ് കോർപറേഷന് ഷോപ്പിംഗ് ഫെസ്റ്റിവൽ നടത്താൻ ദേവസ്വം വാടക ഈടാക്കിയിട്ടുള്ളത്. എന്നാൽ പൂരം എക്‌സിബിഷന് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളോട് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുള്ളത് ഒരു ദിവസത്തിന് 3.25 ലക്ഷം രൂപയാണ്. അതായത് ദേവസ്വം തന്നെ പൊതുവായി നിശ്ചയിച്ചിട്ടുള്ള വാടകയുടെ ഇരുപത് ഇരട്ടിയിൽ കൂടുതൽ.
തൊട്ടടുത്ത നെഹ്‌റു പാർക്ക് കോർപറേഷന് കൊച്ചിൻ ദേവസ്വം ബോർഡ് ലീസിന് നൽകിയിരിക്കുന്നത് പ്രതിവർഷം 19 രൂപയ്ക്കാണ്. ദേവസ്വം കാണിക്കുന്ന ഈ അനീതി എങ്ങിനെയാണ് ന്യായീകരിക്കാൻ കഴിയുകയെന്ന് ദേവസ്വവും ദേവസ്വം മന്ത്രി ശ്രീ രാധാകൃഷ്ണനും വിശദീകരിക്കണം. ഭീമമായ തുക ചുമത്തി എക്‌സിബിഷൻ നടത്തിപ്പിൽ നിന്ന് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളെ ഒഴിവാക്കി എക്‌സിബിഷൻ നടത്തിപ്പ് കൈക്കലാക്കി കൊള്ളലാഭമുണ്ടാക്കാനാണ് കൊച്ചിൻ ദേവസ്വത്തിന്റെ ഗൂഡനീക്കം. എത്ര കോടികൾ കിട്ടിയാലും ദേവസ്വത്തിൽ അനധികൃതമായി തള്ളിക്കയറ്റിയ പാർട്ടിക്കാർക്ക് ധൂർത്തടിക്കാൻ തികയാത്ത സാഹചര്യത്തിലാണ് ദേവസ്വങ്ങളെ കൊള്ളയടിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് ശ്രമിക്കുന്നത്.
പൂരത്തിന് മുൻപ് വാടകക്കാര്യത്തിൽ രമ്യമായ പരിഹാരമുണ്ടാക്കുമെന്ന് മീറ്റിംഗിൽ ഉറപ്പ് നൽകിയ ദേവസ്വം മന്ത്രിയും റവന്യൂ മന്ത്രിയും ദേവസ്വങ്ങളെയും വിശ്വാസി സമൂഹത്തെയും വഞ്ചിക്കുകയായിരുന്നു. പറഞ്ഞ വാക്കിനോട് നീതി പുലർത്തുവാനും ദേവസ്വം പൊതുവായി നിശ്ചയിച്ച വാടക മാത്രം ദേവസ്വങ്ങളിൽ നിന്ന് ഈടാക്കി പ്രശ്‌നം പരിഹരിക്കുവാനും തയ്യാറാകണമെന്നും അല്ലാത്ത പക്ഷം പൂരപ്രേമികളെ അണി നിരത്തി കൊച്ചിൻ ദേവസ്വത്തിനും ദേവസ്വം മന്ത്രിക്കും എതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അഡ്വ കെ.കെ അനീഷ്‌കുമാർ പറഞ്ഞു.












