ന്യൂഡൽഹി : ഗുസ്തി താരങ്ങൾ തങ്ങൾക്ക് ലഭിച്ച മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് അറിയിച്ചതിന് പിന്നാലെ നിരവധി നാടകീയ രംഗങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ബ്രിജ് ഭൂഷനെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സമരം നടത്തുന്ന ഗുസ്തി താരങ്ങൾ തങ്ങളുടെ മെഡലുകൾ ഉപേക്ഷിച്ച് പ്രതിഷേധിക്കുമെന്നാണ് അറിയിച്ചത്. എന്നാൽ ഇതിൽ നാടകീയമായി ഇടപെട്ടുകൊണ്ട് താരങ്ങളെ പിന്തിരിപ്പിച്ചിരിക്കുകയാണ് കർഷക നേതാക്കൾ.
ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികായത്തിന്റെ സഹോദരനും സംഘടനാ നേതാവുമായ നരേഷ് ടികായത്താണ് ഹരിദ്വാറിലെ ഹർ കി പൗരിയിലെത്തി താരങ്ങളെ അനുനയിപ്പിച്ചത്. ഗുസ്തി താരങ്ങൾ തങ്ങളുടെ മെഡലുകൾ ഇപ്പോൾ ഗംഗയിൽ എറിയില്ലെന്നും ആരോപണവിധേയനായ വ്യക്തിക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് അഞ്ച് ദിവസം സമയം നൽകുമെന്നും നരേഷ് ടികായത്ത് പറഞ്ഞു.
”ജന്തൽ മന്തറിന് മുന്നിലും ഇപ്പോൾ പവിത്രമായ ഗംഗാ നദീതീരത്തും ഇരുന്ന് സമരം ചെയ്യാൻ ഗുസ്തി താരങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. അതിനാൽ ബ്രിജ് ഭൂഷനെതിരെ നടപടിയെടുക്കണം. കർഷക സമരം പോലെ തന്നെ ഇപ്പോഴും ഞങ്ങൾ സത്യത്തോടൊപ്പമാണ്. വൈകിയാണെങ്കിലും സത്യം വിജയിക്കുക തന്നെ ചെയ്യും” നരേഷ് ടികായത്ത് പറഞ്ഞു.
സാക്ഷി മാലിക്, വിനേഷ് ഫോഗാട്ട്, ബജ്‌റംഗ് പൂനിയ ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങൾ തങ്ങളുടെ മെഡലുകൾ ഗംഗയിൽ ഒഴുക്കിക്കളയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ”ഈ മെഡലുകൾ ഞങ്ങളും ജീവനും ജീവിതവുമാണ്. ഇത് ഗംഗയിൽ ഒഴുക്കിക്കളയാൻ പോകുകയാണ്. പിന്നെ ജീവിച്ചിട്ട് കാര്യമില്ല. അതിനാൽ ഇന്ത്യാ ഗേറ്റിൽ മരണം വരെ നിരാഹാര സമരം കിടക്കും” എന്നാണ് താരങ്ങൾ അറിയിച്ചത്. തുടർന്ന് ഇവർ മെഡലുകൾ ബാഗിലാക്കി ഒഴുക്കിക്കളയാൻ തയ്യാറെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കർഷക നേതാക്കൾ ഇടപെട്ട് ഇവർ പിന്മാറിയത്.
Discussion about this post