ഇംഫാൽ: സംവരണ വിഷയത്തിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിലെ ക്രമസമാധാന നില അവലോകനം ചെയ്ത് അമിത് ഷാ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയും ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ കുമാർ ദേഖയും അമിത് ഷായ്ക്ക് ഒപ്പം ഉണ്ടായിരുന്നു. രാവിലെ മുതൽ വിവിധ സംഘങ്ങളുമായി അമിത് ഷാ ചർച്ചകൾ നടത്തി. വൈകിട്ട് സംഘർഷ ബാധിത മേഖലകളിലെ സുരക്ഷ അവലോകനം ചെയ്യാൻ ഉന്നതതല യോഗവും ചേർന്നു.
മണിപ്പൂർ പോലീസിന് പുറമേ സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സും സൈന്യവും സൈന്യവും ആഭ്യന്തരമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നു. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. സമാധാനം തകർക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് അമിത് ഷാ യോഗത്തിൽ നിർദ്ദേശിച്ചു.
വിവിധ രാഷ്ട്രീയ നേതാക്കളുമായും പൗരസമൂഹവുമായും അമിത് ഷാ ചർച്ച നടത്തി. സംഘർഷം ചുരാചന്ദ്പൂർ മേഖലയിലും രാവിലെ അദ്ദേഹം സന്ദർശനം നടത്തി. സംഘർ മേഖലകളിലെ വനിതാ നേതാക്കൾ അടക്കമുളളവരുമായിട്ടാണ് ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തിയത്. സമൂഹത്തിൽ സ്ത്രീകളുടെ പ്രാധാന്യത്തെക്കുറിച്ച് അവരെ ഓർമ്മിപ്പിച്ചതായും ഒരുമിച്ച് മണിപ്പൂരിലെ സംഘർഷമേഖലകളിൽ സമാധാനം പുനസ്ഥാപിക്കാൻ ശ്രമിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിൽ അമിത് ഷാ പറഞ്ഞു.
മെയ്‌തെയ് സമുദായത്തെ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് മണിപ്പൂരിൽ ഇംഫാൽ അടക്കമുളള പ്രദേശങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മറ്റൊരു ഗോത്രവിഭാഗമായ കുംകി സമുദായക്കാർ ഇതിനെ എതിർത്ത് രംഗത്ത് വരികയായിരുന്നു. നിരവധി പേരെ സംഘർഷ ബാധിത മേഖലകളിൽ നിന്ന് സൈന്യം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഇപ്പോഴും സ്ഥിതി പൂർണമായും ശാന്തമായിട്ടില്ല. ഈ സാഹചര്യത്തിലാണ് അമിത് ഷാ നേരിട്ട് ഇടപെട്ട് സമാധാന ചർച്ചകൾ നടത്തുന്നത്.
Discussion about this post