തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളിലെ 19 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് അറിയാം. രാവിലെ പത്തിനാണ് വോട്ടെണ്ണൽ. രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 60 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 29 പേർ സ്ത്രീകളാണ്.
കോട്ടയം നഗരസഭയിലെ പുത്തൻതോട് ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് ഏറെ നിർണായകമാണ്. എൽഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങൾ വീതമാണ് നഗരസഭയിൽ ഉണ്ടായിരുന്നത്. ഭരണകക്ഷിയായ യുഡിഎഫിന് ജിഷ ബെന്നിയുടെ വിയോഗത്തിലൂടെ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സീറ്റ് നഷ്ടമായാൽ നഗരസഭയുടെ ഭരണം യുഡിഎഫിന് നഷ്ടമാവുകയും ചെയ്യും.
അതേസമയം തിരുവനന്തപുരത്തടക്കം തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെല്ലാം ഇന്ന് മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളിലും വോട്ടെണ്ണൽ നടക്കുന്ന വാർഡുകളിലുമാണ് മദ്യ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കളക്ടർ ജെറോമിക് ജോർജാണ് ഈ വാർഡുകളിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി ഉത്തരവിട്ടത്.
Discussion about this post