ബാലുശ്ശേരി: പ്രവേശനോത്സവത്തിന് കുട്ടികൾ എത്താനിരിക്കെ മണ്ണും ചെളിയും നിറഞ്ഞു കിടന്ന സ്‌കൂൾ കിണർ വൃത്തിയാക്കാൻ നേരിട്ടിറങ്ങി അദ്ധ്യാപികമാർ. പ്രവേശനോത്സവത്തിന് തയ്യാറെടുപ്പുകൾ നടത്താൻ തലേന്ന് സ്‌കൂളിലെത്തിയപ്പോഴാണ് കിണറിൽ ചെളിയും മണ്ണും നിറഞ്ഞുകിടക്കുന്നത് അദ്ധ്യാപികമാർ കണ്ടത്. വൃത്തിയാക്കാൻ ആളെ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടർന്നാണ് അദ്ധ്യാപികമാരായ ധന്യയും സിൽജയും കിണറ്റിലിറങ്ങിയത്.
ബാലുശ്ശേരി എരമംഗലം ഗവൺമെന്റ് എൽപി സ്‌കൂളിലെ അദ്ധ്യാപികമാരാണ് ധന്യയും ഷിൽജയും. കോണിയുപയോഗിച്ചാണ് ഇരുവരും കിണറ്റിൽ ഇറങ്ങിയത്. മറ്റ് അധ്യാപകരും സഹായിക്കാനെത്തിയതോടെ എല്ലാവർക്കും ഉത്സാഹമായി. ഉച്ചയോടെ ചെളി കോരി കിണർ വൃത്തിയാക്കി.
ധന്യ അധ്യാപക ജോലിയിൽ പ്രവേശിച്ചിട്ട് 5 വർഷമായതേയുള്ളൂ. സിൽജ താൽക്കാലിക അധ്യാപികയാണ്. ധന്യ ടീച്ചർക്കാണ് കിണർ വൃത്തിയാക്കണമെന്ന് തോന്നിയത്. ഒരാളെ കൂടി കിട്ടിയാൽ ഇറങ്ങാ മെന്നായി. അങ്ങനെയാണ് സിൽജ ടീച്ചറും ഒപ്പം ഇറങ്ങാൻ തയ്യാറായത്. കിണറ്റിലെ ചെളി മുഴുവൻ കോരി കിണറിന്റെ അടിത്തട്ടും ഉറവയുമൊക്കെ കഴുകി വൃത്തിയാക്കിയാണ് അദ്ധ്യാപികമാർ കരയ്ക്ക് കയറിയത്.

ഇരുവരും സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുകയാണ്. എരമംഗലം ജിഎൽപി സ്‌കൂൾ നൽകുന്ന പാഠം ഏത് പാഠത്തെക്കാളും വലുതാണെന്ന് ആയിരുന്നു അദ്ധ്യാപികമാരുടെ ചിത്രം പങ്കുവെച്ച് ആളുകൾ കുറിച്ചത്. കിണറ്റിൽ നിന്നും കിനിഞ്ഞു വന്ന തെളിനീർ സ്‌നേഹത്തിന്റെ ഉറവയാണെന്നും അദ്ധ്യാപികമാരെ അഭിനന്ദിച്ച് പലരും കുറിച്ചു.
കിണർ വൃത്തിയാക്കുന്നതിന്റെ വീഡിയോ സഹിതം പങ്കുവെച്ച് ചില ത്യാഗങ്ങൾക്ക് ബദൽ ഇല്ലെന്ന് ആയിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കുറിച്ചത്. സ്‌കൂൾ പ്രവേശനോത്സവ ദിനത്തിൽ ഞാൻ ഏറ്റവും അധികം നന്ദി പറയുന്നത് എത്രയും പ്രിയപ്പെട്ട അധ്യാപകരോടാണെന്നും കുട്ടികളെ സ്വാഗതം ചെയ്യാൻ വീടുകളിൽ എത്തിയത് മുതൽ സ്‌കൂൾ ശുചീകരണം വരെ എന്തൊക്കെ പ്രവർത്തനങ്ങളാണ് അധ്യാപകർ ചെയ്യുന്നതെന്നും മന്ത്രി കുറിച്ചിരുന്നു.












