ന്യൂഡൽഹി : ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള ചരക്ക് തീവണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു. ബീഹാറിലെ ബത്നഹയിൽ നിന്ന് നേപ്പാൾ കസ്റ്റം യാർഡിലേക്കുള്ള ഇന്ത്യൻ റെയിൽവേ കാർഗോ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹലും ചേർന്നാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്.
ഇന്ത്യയിലെ റുപൈദിഹയിലും നേപ്പാളിലെ നേപ്പാൾഗഞ്ചിലും സ്ഥിതി ചെയ്യുന്ന ചെക്ക്പോസ്റ്റുകൾ പ്രധാനമന്ത്രി മോദിയും ദഹലും ചേർന്ന് തുറന്നു. സോനൗലിയിലും നേപ്പാളിലെ ഭൈരഹവയിലും ഉള്ള ചെക്ക്പോസ്റ്റുകളും ഇരും രാഷ്ട്രത്തലവന്മാരും ചേർന്ന് അനാച്ഛാദനം ചെയ്തു.
”ഒമ്പത് വർഷം മുമ്പ്, 2014 ൽ, പ്രധാനമന്ത്രിയായി അധികാരമേറ്റ് മൂന്ന് മാസത്തിനുള്ളിൽ, ഞാൻ ആദ്യമായി നേപ്പാൾ സന്ദർശിച്ചത് ഓർക്കുന്നു. അന്ന് ഞാൻ ഇന്ത്യ-നേപ്പാൾ ബന്ധത്തിന് ഒരു ‘ഹിറ്റ്’ ഫോർമുല നൽകിയിരുന്നു – ഹൈവേകൾ, ഐ-വേകൾ, ട്രാൻസ്-വേകൾ എന്നിവയാണത്” പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിൽ കുറിച്ചു.
‘ഇന്ത്യയും നേപ്പാളും തമ്മിലുള്ള മതപരവും സാംസ്‌കാരികവുമായ ബന്ധം വളരെ പഴക്കമുള്ളതും ശക്തവുമാണ്. ഈ മനോഹരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്, രാമായണ സർക്യൂട്ടുമായി ബന്ധപ്പെട്ട പദ്ധതികൾ വേഗത്തിലാക്കാൻ പ്രചണ്ഡ ജിയുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഹിമാലയത്തിന്റെ ഉയരത്തിലേക്ക് കൊണ്ടുപോകാൻ ഞങ്ങൾ തുടർന്നും പ്രവർത്തിക്കും. അതിർത്തിയുമായി ബന്ധപ്പെട്ടതോ മറ്റേതെങ്കിലും പ്രശ്നമോ ആകട്ടെ, നല്ല മനോഭാവത്തോടെ ഞങ്ങൾ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും,” മോദി പറഞ്ഞു.
ഗോരഖ്പൂരിനും ന്യൂ ബട്വാൾ സബ്സ്റ്റേഷനുമിടയിലുള്ള 400 കെവി ക്രോസ്-ബോർഡർ ട്രാൻസ്മിഷൻ ലൈനും മോദിയും ദഹലും ചേർന്ന് ആരംഭിച്ചു. നേപ്പാളിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന മോത്തിഹാരി-അംലെഖ്ഗഞ്ച് ഓയിൽ പൈപ്പ് ലൈനിന്റെ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ഇരു നേതാക്കളും ഔദ്യോഗികമായി നിർവഹിച്ചു.
Discussion about this post