കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. വാക്ക് തർക്കം കയ്യാങ്കളിയിലേക്കും ബോംബേറിലേക്കും വഴി മാറിയതോടെ 10 പ്രവർത്തകർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് സംഘർഷം ഉണ്ടായതെന്നാണ് വിവരം. നാദിയയിലാണ് സംഘർഷം.
ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ തൃണമൂലിലെ പുതിയ റാലി നാദിയയിൽ എത്താൻ മണിക്കൂറുകൾ ശേഷിക്കേയാണ് സംഭവവികാസം ഉണ്ടായത്. പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളിൽ ടിഎംസിയുടെ ‘ജോനോ സഞ്‌ജോഗ് യാത്ര’ നയിക്കുന്നത് അഭിഷേക് ബാനർജിയാണ്.
സഗുണയിലെ ഒരു പ്രാദേശിക നേതാവ് പറയുന്നതനുസരിച്ച്, വാർഡ് 18 ലെ ബൂത്ത് പ്രസിഡന്റ് സെയ്ഫുൽ മൊണ്ടൽ ചില ഗുണ്ടകൾക്കൊപ്പം ടിഎംസി ഓഫീസ് ആക്രമിച്ചു. ഓഫീസ് ലക്ഷ്യമാക്കി ബോംബെറിയുകയും ചെയ്തു. എന്നാൽ തന്നെ ആദ്യം ആക്രമിച്ചത് ടിഎംസി നേതാവ് ജഹാംഗീർ മൊണ്ടൽ ആണെന്ന് സെയ്ഫുൾ ആരോപിക്കുന്നു. സംഘർഷത്തിൽ പരിക്കേറ്റ 10 പേരെ കല്യാണിയിലെ ജെഎൻഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post