വാഷിംഗ്ടൺ : മുസ്ലീം ലീഗ് മതേതര പാർട്ടിയാണെന്ന് മുൻ വയനാട് എംപി രാഹുൽ ഗാന്ധി. കേരളത്തിൽ ലീഗുമായുള്ള കോൺഗ്രസിന്റെ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് രാഹുൽ മറുപടി പറയുകയായിരുന്നു. മുസ്ലീം ലീഗ് പോലെ മതേതരമായ മറ്റൊരു പാർട്ടിയില്ലെന്നും രാഹുൽ പരാമർശിച്ചു. വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ നടത്തിയ സംവാദ പരിപാടിയിലാണ് മുൻ വയനാട് എംപിയുടെ പ്രതികരണം.
”മുസ്ലീം ലീഗ് തികച്ചും മതേതര പാർട്ടിയാണ്. ലീഗിൽ മതേതരമല്ലാത്തതായി ഒന്നുമില്ല. ചോദ്യം ചോദിച്ചയാൾ മുസ്ലീം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു,” രാഹുൽ പറഞ്ഞു.
രാഹുലിന്റെ ഈ പരാമർശത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. മുസ്ലീം ലീഗിനെ മതേതര പാർട്ടി എന്ന് വിളിച്ചത് വയനാട്ടിൽ സ്വീകാര്യത നിലനിർത്താനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്ത എന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. ‘ജിന്നയുടെ മുസ്ലീം ലീഗ്, ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദികളായ പാർട്ടി, രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തിൽ, ഒരു മതേതര പാർട്ടിയാണ്. രാഹുൽ ഗാന്ധി വായന ശരിയായിട്ടില്ല. വയനാട്ടിൽ സ്വീകാര്യത നിലനിർത്താനുള്ള നിർബന്ധം കൂടിയാണ് ഇതിന് കാരണം’ മാളവ്യ ട്വീറ്റ് ചെയ്തു.











