കൊടിയ വേനലില്‍ വെള്ളം കിട്ടാതെ ചെടികളെല്ലാം വാടിക്കരിയുമ്പോള്‍ എത്ര കടുത്ത വേനലിനെയും അതിജീവിക്കുന്ന 62 പുതിയ സസ്യങ്ങളെ പശ്ചിമഘട്ടത്തില്‍ ജീവശാസ്ത്രജ്ഞര്‍ കണ്ടെത്തി. നിര്‍ജലീകരണം താങ്ങാൻ കഴിയുന്ന സസ്യവിഭാഗത്തില്‍ (Desiccation-Tolerant Vascular Species, DT) ഉള്‍പ്പെടുന്ന ഇവയ്ക്ക് അതികഠിനമായ വരള്‍ച്ചയെയും അതിജീവിക്കാനാകും.
വെള്ളം ലഭിക്കാതെ വരുമ്പോള്‍ വളര്‍ച്ച താത്കാലികമായി നിര്‍ത്തിവെക്കുന്ന അവസ്ഥയിലേക്ക് (state of dormancy) ഇവ പോകും. പിന്നീട് വെള്ളം ലഭ്യമാകുമ്പോള്‍ വളര്‍ച്ചയും മറ്റ് പ്രവര്‍ത്തനങ്ങളും പുനഃരാരംഭിക്കുകയും ചെയ്യും. കാര്‍ഷികരംഗത്ത് ഈ സസ്യങ്ങള്‍ വലിയ മുതല്‍ക്കൂട്ടാകുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച്, ജലദൗര്‍ലഭ്യമുള്ള മേഖലകളില്‍. മിക്ക സസ്യങ്ങളും വാടിപ്പോകുന്ന കഠിനവും വരണ്ടതുമായ അന്തരീക്ഷ സ്ഥിതികളെ അതിജീവിക്കാന്‍ പുതിയതായി കണ്ടെത്തിയ ഈ ചെടികള്‍ക്കാകും.
ഇന്ത്യയില്‍ DT സസ്യങ്ങളെ കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ലെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയം പറയുന്നു. പശ്ചിമഘട്ടത്തിലെ ഭൂപ്രദേശങ്ങളില്‍ പാറകള്‍ക്ക് മുകളില്‍ വളരുന്ന സസ്യങ്ങള്‍ സര്‍വ്വസാധാരണമാണെങ്കിലും ഇവിടെയുള്ള DT സസ്യങ്ങളെ കുറിച്ചുള്ള അറിവുകള്‍ പരിമിതമാണ്.
പൂനെയിലെ അഗാക്കര്‍ ഗവേഷണ കേന്ദ്രത്തിലെ (എആര്‍ഐ) ഗവേഷകരാണ് ഈ 62 സസ്യങ്ങളെയും കണ്ടെത്തിയത്. ഇവയുടെ വിശദാംശങ്ങള്‍ നോര്‍ഡിക് ജേണല്‍ ഓഫ് ബോട്ടനിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ പതിനാറ് സസ്യങ്ങള്‍ ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും വളരുന്നതാണെങ്കിലും ബാക്കിയുള്ളവ പശ്ചിമഘട്ട മേഖലകളില്‍ മാത്രം കണ്ടുവരുന്നതാണ്. പാറകള്‍ക്ക് പുറമേ, ഭാഗികമായി തണലുള്ള വനമേഖലകളിലെ മരത്തടികളിലും DT വിഭാഗത്തിലുള്ള ചെടികള്‍ വളരുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. പശ്ചിമഘട്ട മേഖലയിലെ ജൈവവൈവിധ്യത്തെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചും വിലപ്പെട്ട വിവരങ്ങളാണ് പഠനം നല്‍കിയതെന്നും DT വിഭാഗത്തിലുള്ള സസ്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഈ പഠനം സഹായകമാകുമെന്നും കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി.
Discussion about this post