ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയിട്ടുള്ള ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല തന്റെ പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും തുടക്കം കുറിച്ചിരിക്കുകയാണ്. ആക്സിയം സ്പേസ് ദൗത്യത്തിന്റെ നടപടിക്രമങ്ങൾ അനുസരിച്ച്, ക്രൂ അംഗങ്ങൾ ഐഎസ്എസിലെ അവരുടെ അറൈവൽ പ്രോട്ടോക്കോളുകൾക്ക് ശേഷം പ്രായോഗിക ഗവേഷണങ്ങൾ നടത്തേണ്ടതാണ്. ലൈഫ് സയൻസസ് ഗ്ലോവ്ബോക്സിൽ (എൽഎസ്ജി) മയോജെനിസിസ് പരീക്ഷണങ്ങളാണ് ഇതിനായി ഇന്ത്യൻ ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ല തിരഞ്ഞെടുത്തിരിക്കുന്നത്.
ബഹിരാകാശത്ത് അസ്ഥികൂട പേശികളുടെ അപചയത്തിന് പിന്നിലെ ജൈവശാസ്ത്രപരമായ വഴികൾ കണ്ടെത്തുകയാണ് ഈ പഠനം ലക്ഷ്യമിടുന്നത്. ബഹിരാകാശയാത്രികർക്ക് ഒരു പ്രധാന വെല്ലുവിളിയാണ് ബഹിരാകാശത്ത് വച്ചുള്ള പേശികളുടെ അപചയം. ഈ സംവിധാനങ്ങളെ തിരിച്ചറിയുന്നതിലൂടെ, ബഹിരാകാശ സഞ്ചാരികളെ സംരക്ഷിക്കുക മാത്രമല്ല, ഭൂമിയിലെ പേശി-ക്ഷയരോഗങ്ങൾ ബാധിച്ച ആളുകളെ സഹായിക്കുകയും ചെയ്യുന്ന ലക്ഷ്യബോധമുള്ള ചികിത്സകൾ വികസിപ്പിക്കാൻ കഴിയുമെന്നാണ് ഗവേഷണത്തിലൂടെ പ്രതീക്ഷിക്കുന്നത് എന്ന് ആക്സിയം സ്പേസ് ദൗത്യത്തിന്റെ ഔദ്യോഗികക്കുറിപ്പ് വ്യക്തമാക്കുന്നു. ഐഎസ്‌എസിലെ 14 ദിവസത്തെ താമസക്കാലയളവിൽ ബഹിരാകാശ യാത്രക്കാർ ഈ ഗവേഷണങ്ങൾക്ക് ആയിരിക്കും സമയം ചെലവഴിക്കുക.
ഇന്ത്യയിലെ വിവിധ ദേശീയ ഗവേഷണ വികസന ലബോറട്ടറികളിൽ നിന്നും അക്കാദമിക് സ്ഥാപനങ്ങളിൽ നിന്നുമായി നിർദ്ദേശിക്കപ്പെട്ട മൈക്രോഗ്രാവിറ്റി ഗവേഷണ പരീക്ഷണങ്ങളെ ഷോർട്ട് ലിസ്റ്റ് ചെയ്താണ് ഐഎസ്ആർഒ ശുഭാംശു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പരീക്ഷണ വിഷയങ്ങൾ തിരഞ്ഞെടുത്തത്. 7 പരീക്ഷണങ്ങളാണ് ഇത്തരത്തിൽ തിരഞ്ഞെടുക്കപെട്ടിട്ടുള്ളത്. ബെംഗളൂരു ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റെം സെൽ സയൻസ് ആൻഡ് റീജനറേറ്റീവ് മെഡിസിൻ (ഇൻസ്റ്റെം) ആണ് മയോജെനിസിസ് പരീക്ഷണം നിർദ്ദേശിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഈ ഏഴ് പരീക്ഷണങ്ങൾക്ക് പുറമേ, ഇസ്രോയും നാസയും സംയുക്തമായി നടത്തുന്ന അഞ്ച് ശാസ്ത്ര അന്വേഷണങ്ങളിലും രണ്ട് ഇൻ-ഓർബിറ്റ് STEM (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം) പ്രദർശനങ്ങളിലും ശുഭാംശു ശുക്ല പങ്കെടുക്കും.
Discussion about this post