ഫ്ലോറിഡ : അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയുടെ യാത്രയ്ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. ആക്സിയം-4 വിക്ഷേപണം നാലാം തവണയും മാറ്റിവച്ചു. ഫാൽക്കൺ-9 റോക്കറ്റിൽ ഉണ്ടായ സാങ്കേതിക തകരാർ മൂലമാണ് വീണ്ടും വിക്ഷേപണം മാറ്റിവച്ചത്.
പോസ്റ്റ് സ്റ്റാറ്റിക് ഫയർ ബൂസ്റ്ററിന്റെ പരിശോധനയ്ക്കിടെ, ഫാൽക്കൺ -9 റോക്കറ്റിൽ ഓക്‌സിജൻ ചോർച്ചയുടെ പ്രശ്‌നം കണ്ടെത്തിയതായി സ്‌പേസ് എക്‌സ് അറിയിച്ചു. ചോർച്ച നന്നാക്കാൻ എഞ്ചിനീയർമാർക്ക് കൂടുതൽ സമയം ലഭിക്കുന്നതിനായി ബഹിരാകാശ നിലയത്തിലേക്കുള്ള ഫാൽക്കൺ 9 X-4 വിക്ഷേപണം മാറ്റിവയ്ക്കുകയാണെന്നും ഏജൻസി വ്യക്തമാക്കി.
അറ്റകുറ്റപ്പണികൾക്ക് ശേഷം പുതിയ വിക്ഷേപണ തീയതി ഉടൻ പുറത്തുവിടുമെന്നാണ് സ്‌പേസ് എക്‌സ് വ്യക്തമാക്കിയിട്ടുള്ളത്. ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ദൗത്യം മാറ്റിവയ്ക്കുന്നത് ഇത് നാലാം തവണയാണ്. മെയ് 29 ന് ആയിരുന്നു ദൗത്യത്തിന്റെ ആദ്യ വിക്ഷേപണ തീയതി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് അത് ജൂൺ 8 ലേക്കും 10 ലേക്കും നീട്ടി. ജൂൺ 10ന് നടത്തേണ്ട ദൗത്യം മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചതിനെ തുടർന്നാണ് ജൂൺ 11ന് തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ റോക്കറ്റിന്റെ സാങ്കേതിക തകരാർ മൂലം ഈ ദിവസവും ദൗത്യം നടപ്പിലാക്കാനായില്ല.
ആക്സിയം-4 ദൗത്യത്തിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരനാവാനാണ് ശുഭാംശു ശുക്ല ഒരുങ്ങുന്നത്. അമേരിക്കയുടെ ബഹിരാകാശ ദൗത്യ കമ്പനിയായ ആക്സിയം സ്‌പേസ്, നാസ എന്നിവയുമായി സഹകരിച്ചാണ് ഈ ദൗത്യം നടത്തുന്നത്. കൂടാതെ എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സും ഈ ദൗത്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യയോടൊപ്പം യുഎസ്, ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നാല് ബഹിരാകാശ യാത്രികരാണ് ആക്സിയം ദൗത്യത്തിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തുന്നത്.
Discussion about this post