ജാലിസ്‌കോ: മെക്‌സിക്കൻ സംസ്ഥാനമായ ജാലിസ്‌കോയിൽ നിന്ന് കഴിഞ്ഞയാഴ്ച കാണാതായ ഏഴ് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതിനിടെ മനുഷ്യശരീര ഭാഗങ്ങൾ അടങ്ങിയ 45 ബാഗുകൾ കണ്ടെത്തി. ഇതിൽ പുരുഷന്മാരുടേയും സ്ത്രീകളുടേയും ശരീരഭാഗങ്ങൾ ഉള്ളതായി സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
വ്യാവസായിക കേന്ദ്രമായ സപ്പോപാൻ മുനിസിപ്പാലിറ്റിയ്ക്ക് സമീപത്തുള്ള താഴ്വരയിൽ നിന്നാണ് ബാഗുകൾ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 20ാം തിയതി മുതലാണ് 30 വയസ്സ് പ്രായമുള്ള രണ്ട് സ്ത്രീകളേയും അഞ്ച് പുരുഷന്മാരേയും കാണാതായത്. എല്ലാവരും ഒരേ കോൾ സെന്ററിൽ ജോലി ചെയ്തിരുന്നവരായിരുന്നു. ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയ അതേ സ്ഥലത്ത് തന്നെ ആയിരുന്നു ഈ കോൾ സെന്ററും.
എന്നാൽ കാണാതായവരുടെ ശരീരഭാഗങ്ങളാണോ ഇതെന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. കൊല്ലപ്പെട്ടവർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നും, കഞ്ചാവ് മാഫിയയുമായി ഇവർക്ക് ബന്ധമുണ്ടാകാൻ സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു. എന്നാൽ കാണാതായവരെ കുറ്റവാളികളായി ചിത്രീകരിക്കാനാണ് പോലീസിന്റെ ശ്രമമെന്ന് ഇവരുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയതിന് ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.











