കൊച്ചി : മുസ്ലീം ലീഗ് മതേതര പാർട്ടിയാണെന്ന് വിദേശത്ത് പോയി വിളമ്പിയ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ലെന്നും മുസ്ലീം വിഭാഗക്കാരുടെ പാർട്ടിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തെക്കുറിച്ചോ മതമൗലികവാദത്തെക്കുറിച്ചോ ലീഗിന് മിണ്ടാട്ടമില്ലെന്നും കണ്ണന്താനം ആരോപിച്ചു.
”മുസ്ലീം ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല. ഇതുവരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുകയും ഇല്ല. ഐ.എസിന്റെ പരീക്ഷണശാലയായി കേരളം മാറിയിട്ടും ലീഗുകാർക്ക് അതേപ്പറ്റി ഒരക്ഷരം പറയാനില്ല. തീവ്രവാദം, മതമൗലികവാദം എന്നിവയിൽ ലീഗിന് സമ്പൂർണ്ണ മൗനമാണ്” കണ്ണന്താനം പറഞ്ഞു.
കാര്യങ്ങളെ ബുദ്ധി ഉപയോഗിച്ച് മനസിലാക്കാനുള്ള കഴിവ് ഇല്ലായ്മയാണ് രാഹുൽ ഗാന്ധിയുടെ പ്രശ്‌നം. ചിലയാളുകൾക്ക് ബൗദ്ധികശേഷി ഉണ്ടാവില്ല. പക്ഷേ മറ്റുള്ളവരെ കേൾക്കുകയും വായിക്കുകയുമൊക്കെ ചെയ്യും എന്നും കണ്ണന്താനം പരിഹസിച്ചു.
മുസ്ലീം ലീഗ് പൂർണ്ണമായും മതേതര പാർട്ടിയാണെന്നാണ് രാഹുൽ ഗാന്ധി യുഎസിൽ നടന്ന പരിപാടിയിൽ പറഞ്ഞത്. ആ പാർട്ടിയെ സംബന്ധിച്ച് മതേതരമല്ലാത്ത ഒന്നുമില്ല. ചോദ്യം ചോദിച്ചയാൾക്ക് മുസ്ലീം ലീഗിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് തോന്നുന്നു എന്നും രാഹുൽ പറഞ്ഞിരുന്നു.
Discussion about this post