ജയ്പൂർ: മൈക്ക് പ്രവർത്തിക്കാത്തതിൽ രോഷം കൊണ്ട് ജില്ലാ കളക്ടറുടെ മുൻപിലേക്ക് വലിച്ചെറിഞ്ഞ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്്‌ലോട്ട്. ബാർമർ ജില്ലാ കളക്ടറുടെ നേർക്കാണ് മൈക്ക് വലിച്ചെറിഞ്ഞത്. വെളളിയാഴ്ച രാത്രി ബാർമർ സർക്യൂട്ട് ഹൗസിൽ നടന്ന ഒരു പരിപാടിക്കിടെ ആയിരുന്നു സംഭവം.
ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ സംഭവം വിവാദമായിട്ടുണ്ട്. ഒരു സംഘം വനിതകളുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെ ക്ഷേമ പദ്ധതികളെക്കുറിച്ച് അവരുടെ അഭിപ്രായം അറിയുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് വിവരം.
മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങിയതോടെ മൈക്കിൽ ഒച്ച കേട്ടില്ല. തുടർന്ന് സദസിൽ നിന്ന് മറ്റൊരു മൈക്ക് കൊണ്ടുവരാൻ ആംഗ്യം കാണിച്ച ശേഷം തകരാറിലായത് കളക്ടറുടെ മുൻപിലേക്ക് എറിയുകയായിരുന്നു. കളക്ടർ കുനിഞ്ഞ് മൈക്ക് എടുക്കുന്നതും ദൃശ്യങ്ങൾ കാണാം.
സ്ത്രീകളുടെ പിന്നിൽ ഒരു സംഘം കൂടി നിന്നതും അശോക് ഗെഹ്ലോട്ടിനെ ചൊടിപ്പിച്ചു. ഇവരോട് ദൂരെപ്പോകാൻ മുഖ്യമന്ത്രി ആവശ്യപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എവിടെയാണ് എസ്പി? എസ്പിയും കളക്ടറും ഒരുപോലെയാണ് തുടങ്ങി ഉദ്യോഗസ്ഥരെ ശകാരവർഷം കൊണ്ട് മൂടുകയും ചെയ്തു.
Discussion about this post